+

ചോക്ലേറ്റ്, സ്‌കോച്ച് വിസ്‌കി മുതല്‍ കാറിന് വരെ വില കുറയും ; ഇന്ത്യ-യുകെ വ്യാപാര കരാറിങ്ങനെ

ഇന്ത്യന്‍ പ്രൊഫഷണലുകള്‍ക്ക് യുകെ ഓഫീസ് ഇല്ലെങ്കിലും രണ്ട് കൊല്ലം 35 മേഖലകളില്‍ തൊഴില്‍ ചെയ്യാം.

ഇന്ത്യ-യുകെ വ്യാപാര കരാര്‍ ഒപ്പുവച്ചതോടെ വില കുറയുന്നവയുടെ കൂട്ടത്തില്‍ ചോക്ലേറ്റും സ്‌കോച്ച് വിസ്‌കിയും മുതല്‍ കാര്‍ വരെയുണ്ട്. സ്‌കോച്ച് വിസ്‌കിയുടെ തീരുവ 150ല്‍ നിന്ന് 75 ശതമാനം ആയി കുറയ്ക്കും. 10 വര്‍ഷത്തില്‍ ഇത് 40 ശതമാനമായി കുറയും. ജാഗ്വാര്‍, ലാന്‍ഡ്‌റോവര്‍ തുടങ്ങിയ കാറുകളുടെ തീരുവ 100ല്‍ നിന്ന് 10 ശതമാനം ആയി കുറയ്ക്കും. നിശ്ചിത എണ്ണം കാറുകളാവും തീരുവ കൂറച്ച് ഇറക്കുമതി അനുവദിക്കുക. ഇന്ത്യന്‍ കമ്പനികള്‍ നിയമിക്കുന്ന ജീവനക്കാരെ മൂന്ന് വര്‍ഷത്തേക്ക് സാമൂഹ്യ സുരക്ഷ നിധി വിഹിതം നല്‍കുന്നതില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ഇന്ത്യന്‍ പ്രൊഫഷണലുകള്‍ക്ക് യുകെ ഓഫീസ് ഇല്ലെങ്കിലും രണ്ട് കൊല്ലം 35 മേഖലകളില്‍ തൊഴില്‍ ചെയ്യാം.

കരാര്‍ ചരിത്രപരമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബ്രിട്ടീഷ് പ്രധാനമന്ത്രി കീര്‍ സ്റ്റാമറും വിശേഷിപ്പിച്ചു. സുഗന്ധ വൃഞ്ജനങ്ങള്‍ക്കും സമുദ്രോത്പന്നങ്ങള്‍ക്കും തീരുവ ഇല്ല. തുകല്‍, ചെരുപ്പ്, തുണിത്തരം എന്നിവയുടെ തീരുവയും ഒഴിവാക്കി.
യൂറോപ്യന്‍ യൂണിയനില്‍ നിന്ന് യുകെ പുറത്തു വന്നതിനു ശേഷമുള്ള ഏറ്റവും പ്രധാന വ്യാപാര കരാര്‍ എന്നാണ് ബ്രിട്ടന്‍ ഇന്ത്യയുമായുള്ള ധാരണയെ വിശേഷിപ്പിച്ചത്. ഇന്ത്യയില്‍ നിന്നുള്ള സമുദ്രോത്പന്നങ്ങള്‍ക്ക് യുകെയില്‍ 20 ശതമാനം തീരുവ ഉണ്ടായിരുന്നത് പൂജ്യമാക്കി. ഇന്ത്യയില്‍ നിന്നുള്ള ചെമ്മീനും ഇതുവഴി തീരുവയില്ലാതെ യുകെ ഇറക്കുമതി ചെയ്യും. സുഗന്ധവ്യഞ്ജനങ്ങള്‍, കശുവണ്ടി തുടങ്ങിയവയുടെ തീരുവയും എടുത്തു കളഞ്ഞു. തേയില, കാപ്പി എന്നിവയുടെ ഇറക്കുമതി നിയന്ത്രണം ഒഴിവാക്കാനും യുകെ തയ്യാറായി.

ഇന്ത്യന്‍ തുണിത്തരങ്ങള്‍ക്ക് 12 ശതമാനവും കെമിക്കലുകള്‍ക്ക് 8 ശതമാനവും തീരുവ യുകെ ചുമത്തിയിരുന്നു. ഇവ രണ്ടും പിന്‍വലിച്ചു. ഇന്ത്യയില്‍ നിന്നുള്ള സോഫ്റ്റ്വയറിനുള്ള തീരുവ കുറച്ചത് ഐടി മേഖലയ്ക്ക് സഹായകരമാകും. സ്മാര്‍ട്ട് ഫോണുകള്‍, എഞ്ചിനീയറിംഗ് ഉത്പനങ്ങള്‍, പാവകള്‍, സ്‌പോര്‍ട്ട്‌സ് ഉപകരണങ്ങള്‍, രത്‌നങ്ങള്‍, ആഭരണങ്ങള്‍, പ്‌ളാസ്റ്റിക്, മരുന്നുകള്‍, മെഡിക്കല്‍ ഉപകരണങ്ങള്‍ എന്നിവയ്ക്കുള്ള തീരുവ എടുത്തുകളയാനും യുകെ സമ്മതിച്ചു.

യുകെ ഉത്പന്നങ്ങള്‍ക്ക് ഇന്ത്യയിലുണ്ടായിരുന്ന ശരാശരി 15 ശതമാനം തീരുവ 3 ശതമാനമായി കുറയ്ക്കും. മെഡിക്കല്‍ ഉപകരണങ്ങള്‍ വിമാന ഭാഗങ്ങള്‍ എന്നിവ കുറഞ്ഞ നിരക്കില്‍ ഇന്ത്യയ്ക്ക് ഇറക്കുമതി ചെയ്യാം. അതേ സമയം ക്ഷീരോത്പന്നങ്ങള്‍, ഭക്ഷ്യ എണ്ണ, ആപ്പിള്‍ തുടങ്ങിവയ്ക്കുള്ള സംരക്ഷണം തുടരും എന്നാണ് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചത്. യുകെയിലെ ആറു സര്‍വ്വകലാശാലകള്‍ക്ക് ഇന്ത്യയില്‍ ക്യാംപസ് തുടങ്ങാനുള്ള കരാറിലും ഇരു രാജ്യങ്ങളും ഒപ്പു വച്ചു.

Trending :
facebook twitter