വാരാണസി : പ്രയാഗ് രാജിൽനിന്ന് മഹാകുംഭമേള കഴിഞ്ഞെത്തുന്നവരുടെ ജനത്തിരക്ക് കണക്കിലെടുത്ത് വാരാണസിയിലെ ഗംഗാ ആരതി ഫെബ്രുവരി അഞ്ചുവരെ നിർത്തിവെച്ചു. മറ്റ് സ്നാനഘട്ടങ്ങളിലും ആരതി നിർത്തിവെച്ചതായി അതത് സമിതികൾ അറിയിച്ചു.
പ്രയാഗ് രാജിൽനിന്ന് മടങ്ങുന്നവർ റെയിൽവേ സ്റ്റേഷനുകളിൽ കുടുങ്ങിക്കിടക്കുകയാണ്. പലർക്കും ട്രെയിനിൽ കയറിപ്പറ്റാനായില്ല. ചില ട്രെയിനുകൾ റദ്ദാക്കിയതിനാൽ നൂറുകണക്കിനാളുകൾ സ്റ്റേഷനുകളിൽ കുടുങ്ങി. ജനുവരി 26ന് മഹാസ്നാനം കഴിഞ്ഞ് മടങ്ങിയവരടക്കം റെയിൽവേ സ്റ്റേഷനിൽ കുടുങ്ങിക്കിടക്കുന്നുണ്ടെന്ന് അസമിലെ സോണിക്പൂരിൽ നിന്നുള്ളയാൾ വാർത്ത ഏജൻസിയോട് പറഞ്ഞു.
വ്യാഴാഴ്ച ട്രെയിൻ യാത്രക്ക് ശ്രമിച്ചെങ്കിലും ശ്വാസംമുട്ടി ഇറങ്ങേണ്ടിവന്നതായി ഗയ ജില്ലയിൽ നിന്നുള്ള ദിനനാഥ് പറഞ്ഞു. അനാവശ്യമായി വീടിന് പുറത്തിറങ്ങരുതെന്നും ഭക്തരുമായി സഹകരിക്കണമെന്നും പൊലീസ് കമീഷണർ മോഹിത് അഗർവാൾ കാശിയിലെ ജനങ്ങളോട് അഭ്യർഥിച്ചു.
മഹാകുംഭമേളക്കിടെ തിക്കിലും തിരക്കിലും പെട്ട് 30 പേർ മരിക്കാനിടയായ സംഭവം അന്വേഷിക്കാൻ ഉത്തർപ്രദേശ് സർക്കാർ നിയോഗിച്ച മൂന്നംഗ ജുഡീഷ്യൽ കമീഷൻ വെള്ളിയാഴ്ച പ്രയാഗ്രാജിൽ എത്തി.
അലഹബാദ് ഹൈകോടതി മുൻ ജഡ്ജി ഹർഷ് കുമാർ അധ്യക്ഷനായ സമിതിയിൽ മുൻ ഡി.ജി.പി വി.കെ ഗുപ്ത, വിരമിച്ച ഐ.എ.എസ് ഉദ്യോഗസ്ഥൻ ഡി.കെ. സിങ് എന്നിവരാണുള്ളത്. ആദ്യം ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്താനും പിന്നീട് സംഭവസ്ഥലം സന്ദർശിക്കലുമാണ് ഉദ്ദേശ്യം. അന്വേഷണം പൂർത്തിയാക്കാൻ ഒരു മാസമുണ്ടെങ്കിലും അതിനുമുമ്പ് റിപ്പോർട്ട് നൽകുമെന്ന് ഹർഷ് കുമാർ പറഞ്ഞു.
അതിനിടെ, ബംഗാളിൽ നിന്നുള്ള രണ്ട് തീർഥാടകർ കുംഭമേളയിലെ തിക്കിലും തിരക്കിലും പെട്ട് മരിച്ചതായി കുടുംബാംഗങ്ങൾ പറഞ്ഞു. ഇതോടെ പശ്ചിമ ബംഗാളിൽനിന്ന് മരിച്ചവരുടെ എണ്ണം നാലായി. മാൾഡ ബൈസ്നാബ്നഗറിൽ നിന്നുള്ള അമിയ സാഹ (28), പശ്ചിമ ബർധമാനിൽ ജമൂരിയയിലെ 35 കാരനായ ബിനോദ് റൂയിദാസ് എന്നിവരുടെ മരണമാണ് സ്ഥിരീകരിച്ചത്. അതേസമയം, മൃതദേഹം വിട്ടുനൽകുമ്പോൾ ഉത്തർപ്രദേശ് ഭരണകൂടം മരണ സർട്ടിഫിക്കറ്റ് നൽകിയില്ലെന്നും ഇത് പോസ്റ്റ്മോർട്ടം അടക്കം വൈകിപ്പിച്ചതായും ഇരുവരുടെയും അടുത്ത ബന്ധുക്കൾ പ്രതികരിച്ചു.