ആലുവ: മണപ്പുറത്തെ ശിവരാത്രി ബലിതർപ്പണ ചടങ്ങുകൾക്ക് ശേഷം പെരിയാറിലൊഴുക്കിയ അവശിഷ്ടങ്ങൾ നീക്കം ചെയ്ത് നഗരസഭയും സ്റ്റാർട്ടപ്പ് കമ്പനിയും. ഒന്നര ടണ്ണോളം മാലിന്യമാണ് റോബോബിൻ റോബോട്ടിക് എക്കോ സിസ്റ്റംസ് കമ്പനിയുടെ സഹകരണത്തോടെ ആദ്യദിനംതന്നെ പുഴയിൽ നിന്ന് നീക്കം ചെയ്തത്.
പിതൃതർപ്പണ ചടങ്ങുകൾക്ക് ശേഷമുള്ള അവശിഷ്ടങ്ങൾ പുഴയിലേക്കൊഴുക്കുകയാണ് പതിവ്. എന്നാൽ, ഇത്തവണ പുഴയിൽ അവശിഷ്ടങ്ങൾ പരക്കുന്നത് തടയാൻ പുഴയിലേക്കിറക്കി വേലി കെട്ടി വലയടിച്ച് തിരിച്ചിരുന്നു.
പിന്നീട് വഞ്ചിയിലെത്തി ഇവ കോരി മാറ്റി മണപുറത്ത് തന്നെയൊരുക്കിയ ബയോ ബിനുകളിലെത്തിച്ചാണ് സംസ്കരിക്കുന്നത്. ഇക്കുറി പുഴയിലെ വെള്ളം കുറഞ്ഞ് ഒഴുക്ക് നിലച്ചതിനാൽ അവശിഷ്ടങ്ങൾ അടിഞ്ഞുകൂടാൻ സാധ്യതയേറിയിരുന്നു. പിതൃതർപ്പണ ചടങ്ങുകൾ നടക്കുന്ന മറ്റിടങ്ങളിലും ഇത് മാതൃകയാക്കണമെന്ന് പരിസ്ഥിതി പ്രവർത്തകർ ആവശ്യപ്പെടുന്നു.