ഗസ്സ സിറ്റി: ഇസ്രായേൽ ബേബി ഫോർമുല, പോഷകാഹാര സപ്ലിമെന്റുകൾ, എല്ലാത്തരം മാനുഷിക സഹായങ്ങൾ എന്നിവ തടയുന്നത് തുടരുന്നതിനാൽ ഗസ്സയിലെ അഞ്ച് വയസ്സിന് താഴെയുള്ള 3,500ലധികം കുഞ്ഞുങ്ങൾ ഉടനടിയുള്ള മരണത്തിലേക്ക് പതിക്കുന്നുവെന്നും 290,000ത്തോളം കുട്ടികൾ പട്ടിണി മരണത്തിന്റെ വക്കിലാണെന്നും ഗസ്സയിലെ സർക്കാർ മീഡിയ ഓഫിസ്.
രണ്ടു മാസത്തിലേറെയായി ആരംഭിച്ച ഉപരോധത്തിനെതിരെ ഒരു നടപടിയും സ്വീകരിക്കാതെ ഗസ്സയിലെ കുട്ടികളെ പട്ടിണിയിലാക്കുന്നതിൽ ലോകം മുഴുവൻ സംഭാവന ചെയ്യുകയോ പങ്കാളികളാകുകയോ ചെയ്യുന്നു എന്ന് ഗസ്സ മുനമ്പിലെ ഓക്സ്ഫാമിന്റെ ഭക്ഷ്യസുരക്ഷാ മേധാവി മഹ്മൂദ് അൽസഖ അൽ ജസീറയോട് പറഞ്ഞു.
ഗസ്സയിലെ ആശുപത്രികളിൽ മൂന്ന് ദിവസത്തിനുള്ളിൽ ഇന്ധനം തീർന്നുപോകുമെന്ന് ആരോഗ്യ മന്ത്രാലയവും അറിയിച്ചു.ആശുപത്രികൾ നിന്നുപോകുന്നതിന്റെ വക്കിലാണെന്ന് മുന്നറിയിപ്പ് നൽകി മന്ത്രാലയം ഇന്ധനത്തിനായി അടിയന്തര അഭ്യർത്ഥന പുറപ്പെടുവിച്ചു.