ജിസിസി നിവാസികള്‍ക്ക് വര്‍ഷത്തില്‍ ഏതു സമയത്തും ഉംറ നിര്‍വഹിക്കാം

02:48 PM Dec 18, 2024 | Suchithra Sivadas

ജിസിസി നിവാസികള്‍ക്ക് വര്‍ഷത്തില്‍ ഏത് സമയത്തും ഉംറ തീര്‍ഥാടനം നിര്‍വഹിക്കാന്‍ അവസരം നല്‍കുമെന്ന പ്രഖ്യാപനവുമായി സൗദി അറേബ്യയിലെ ഹജ്ജ്, ഉംറ മന്ത്രാലയം. 

ലോക മുസ്ലീങ്ങളുടെ പ്രധാന തീര്‍ഥാടന കേന്ദ്രങ്ങളായ മക്കയിലെയും മദീനയിലെയും പുണ്യസ്ഥലങ്ങളിലേക്ക് തടസ്സങ്ങളില്ലാതെ പ്രവേശനം ഉറപ്പാക്കുന്ന മെച്ചപ്പെടുത്തിയ സേവനങ്ങളുടെ ഭാഗമായാണ് നടപടി. ഉംറ തീര്‍ഥാടനത്തിന് എത്താന്‍ ആഗ്രഹിക്കുന്നവര്‍ക്ക് വിവിധ രീതികളില്‍ ഉംറ വിസകള്‍ ലഭിക്കുമെന്നും മന്ത്രാലയം വ്യക്തമാക്കി.

തീര്‍ഥാടന സേവനങ്ങള്‍ക്കായുള്ള സൗദി അറേബ്യയുടെ ഔദ്യോഗിക ഡിജിറ്റല്‍ ഗേറ്റ്വേയായ നുസുക് പ്ലാറ്റ്ഫോം വഴി തീര്‍ഥാടകര്‍ക്ക് ഉംറ പാക്കേജ് സ്വന്തമാക്കാം. അല്ലെങ്കില്‍ അംഗീകൃത വിസ കേന്ദ്രങ്ങള്‍ വഴി വിസയ്ക്ക് അപേക്ഷിക്കാം. കൂടാതെ, സൗദി എയര്‍ലൈന്‍സിലോ ഫ്‌ളൈനാസ് എയര്‍ലൈന്‍സിലോ സൗദി അറേബ്യ വഴി സഞ്ചരിക്കുന്ന യാത്രക്കാര്‍ക്ക് ട്രാന്‍സിറ്റ് വിസ സ്വന്തമാക്കാനും അവസരമുണ്ട്. സൗദിയില്‍ വിമാനം ഇറങ്ങിയ ശേഷം ഉംറ നിര്‍വഹിച്ച് അവര്‍ക്ക് യാത്ര തുടരാന്‍ ഇതുവഴി സാധിക്കും.