+

ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിനി എടിഎമ്മില്‍ ബാലന്‍സ് കണ്ട് ഞെട്ടി, 87.65 കോടി

പ്രദേശത്തെ സൈബര്‍ കഫേയില്‍ പോകുന്നതിനായാണ് വിദ്യാര്‍ത്ഥി നോര്‍ത്ത് ബിഹാര്‍ ഗ്രാമീണ് ബാങ്ക് അക്കൗണ്ടില്‍ നിന്ന് 500 രൂപ പിന്‍വലിച്ചത്.

എടിഎമ്മില്‍ നിന്ന് 500 രൂപ പിന്‍വലിച്ച ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥി തന്റെ ബാലന്‍സ് കണ്ട് ഞെട്ടിപ്പോയി. അക്കൗണ്ടില്‍ ബാക്കിയുള്ളതായി എടിഎം മെഷീന്റെ സ്‌ക്രീനില്‍ തെളിഞ്ഞത് 87.65 കോടി രൂപയാണ്. എന്നാല്‍ വിദ്യാര്‍ത്ഥി കോടിപതിയായി തുടര്‍ന്നത് വെറും അഞ്ച് മണിക്കൂര്‍ മാത്രമാണ്. അതിനു ശേഷം ആ ഭീമമായ തുക കാണാതായി.

ബിഹാറിലെ മുസാഫര്‍പൂരിലാണ് സംഭവം. പ്രദേശത്തെ സൈബര്‍ കഫേയില്‍ പോകുന്നതിനായാണ് വിദ്യാര്‍ത്ഥി നോര്‍ത്ത് ബിഹാര്‍ ഗ്രാമീണ് ബാങ്ക് അക്കൗണ്ടില്‍ നിന്ന് 500 രൂപ പിന്‍വലിച്ചത്. ബാലന്‍സ് കണ്ട് വിദ്യാര്‍ത്ഥി അമ്പരന്നുപോയി. എന്തോ പിശക് സംഭവിച്ചതാണെന്നാണ് വിദ്യാര്‍ത്ഥി ആദ്യം കരുതിയത്. വീണ്ടും വീണ്ടും അക്കൌണ്ട് ബാലന്‍സ് പരിശോധിച്ചപ്പോഴും 87.65 കോടി എന്നുതന്നെ കണ്ടു. ഇതോടെ വിദ്യാര്‍ത്ഥി സൈബര്‍ കഫേ ഉടമയോട് കാര്യം പറഞ്ഞു. സൈബര്‍ കഫേ ഉടമയും പല തവണ നോക്കിയിട്ടും വിദ്യാര്‍ത്ഥിയുടെ അക്കൌണ്ടില്‍ കോടികള്‍ കണ്ടു.

ആകെ ആശയക്കുഴപ്പത്തിലായി കുട്ടി വീട്ടില്‍ച്ചെന്ന് അമ്മയോട് വിവരം പറഞ്ഞു. തുടര്‍ന്ന് അമ്മ അയല്‍വാസിയെ അറിയിച്ചു. തുടര്‍ന്ന് ബാങ്കില്‍ പോയി സ്റ്റേറ്റ്‌മെന്റ് എടുക്കാന്‍ തീരുമാനിച്ചു. അപ്പോള്‍ ശരിക്കുള്ള ബാലന്‍സായ 532 രൂപ തന്നെയാണ് കാണിച്ചത്. അതായത് അഞ്ച് മണിക്കൂര്‍ കൊണ്ട് എവിടെ നിന്നോ വന്ന ഭീമമായ തുക എങ്ങോട്ടോ അപ്രത്യക്ഷമായി. കുട്ടിയുടെ കുടുംബം നല്‍കിയ പരാതി പ്രകാരം അക്കൗണ്ട് മരവിപ്പിച്ചു.

എങ്ങനെയാണ് ഇത്രയും വലിയ തുക കുട്ടിയുടെ അക്കൗണ്ടിലേക്ക് തെറ്റായി വന്നതെന്ന് കണ്ടെത്താന്‍ നോര്‍ത്ത് ബിഹാര്‍ ഗ്രാമീണ് ബാങ്ക് ആഭ്യന്തര അന്വേഷണം ആരംഭിച്ചു. എങ്ങനെയാണ് പിഴവ് സംഭവിച്ചതെന്ന വിശദീകരണം ബാങ്ക് അധികൃതര്‍ ഇതുവരെ നല്‍കിയിട്ടില്ല

facebook twitter