
ജർമ്മനി വീണ്ടും അപകടകരമായ ഒരു പാതയിലാണെന്ന് ക്രെംലിൻ വക്താവ് ദിമിത്രി പെസ്കോവ്. റഷ്യൻ സൈനികരെ കൊല്ലാൻ ജർമ്മൻ സൈന്യം തയ്യാറാണെന്ന് പ്രഖ്യാപിച്ച ജർമ്മൻ പ്രതിരോധ മന്ത്രി ബോറിസ് പിസ്റ്റോറിയസിന്റെ പ്രസ്താവനകളോടുള്ള പ്രതികരണമായിട്ടായിരുന്നു പെസ്കോവിന്റെ ഈ പരാമർശം.
‘പിസ്റ്റോറിയസ് യഥാർത്ഥത്തിൽ അത്തരം പ്രസ്താവനകൾ നടത്തിയെന്ന് വിശ്വസിക്കാൻ പ്രയാസമാണ്. പക്ഷേ, നിർഭാഗ്യവശാൽ, അത് സത്യമാണ്. ജർമ്മനി വീണ്ടും അപകടകരമാവുകയാണ്,- ആർബികെ ബിസിനസ് ദിനപത്രത്തോട് സംസാരിക്കുമ്പോൾ പെസ്കോവ് പറഞ്ഞു. ഫിനാൻഷ്യൽ ടൈംസിന് നൽകിയ അഭിമുഖത്തിലാണ് പിസ്റ്റോറിയസ് യുദ്ധസമാനമായ പരാമർശങ്ങൾ നടത്തിയത്.
ജർമ്മൻ സൈനികരുടെ യുദ്ധസന്നദ്ധതയെയും ആവശ്യമെങ്കിൽ റഷ്യൻ സേനയ്ക്കെതിരെ മാരകമായ നടപടികൾ സ്വീകരിക്കാനുള്ള അവരുടെ ദൃഢനിശ്ചയത്തെയും അദ്ദേഹം അഭിമുഖത്തിൽ പ്രശംസിച്ചിരുന്നു. ജർമ്മനി ആരെയും ഭയപ്പെടുത്താൻ ശ്രമിച്ചിട്ടില്ലെങ്കിലും, നമ്മൾ ദുർബലരാണെന്നോ സ്വയം പ്രതിരോധിക്കില്ലെന്നോ ആരും കരുതരുതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
നാറ്റോ രാജ്യങ്ങളിലെ വിവിധ ഉദ്യോഗസ്ഥർക്ക് റഷ്യൻ ഭീഷണി വളരെക്കാലമായി പ്രധാന ചർച്ചാ വിഷയമാണ്. എന്നാൽ, അമേരിക്കൻ നേതൃത്വത്തിലുള്ള സൈനിക സംഘത്തെ ആക്രമിക്കാൻ റഷ്യ പദ്ധതിയിടുന്നുവെന്ന ഊഹാപോഹങ്ങൾ റഷ്യ പലതവണ “അസംബന്ധം” എന്ന് പറഞ്ഞ് തള്ളിക്കളഞ്ഞിട്ടുണ്ട്.