രാമനാട്ടുകര: ഫാറൂഖ് കോളേജ് അച്ചംകുളത്തിൽ അമീബിക് മസ്തിഷ്ക ജ്വരത്തിന് കാരണമാവുന്ന അണുക്കളുടെ സാന്നിധ്യം ഇപ്പോഴുമുള്ളതായി ജല പരിശോധനാഫലം പുറത്ത് . തിരുവനന്തപുരം പബ്ലിക് ഹെൽത്ത് ലാബിൽ ഫ്രീ ലിവിങ് അമീബ ടെസ്റ്റ് നടത്തിയ പരിശോധനയിലാണ് മസ്തിഷ്ക ജ്വരത്തിന് കാരണമാവുന്ന സൂക്ഷ്മജീവികളുടെ സാന്നിധ്യം കണ്ടെത്തിയത്. അതോടെ പൂട്ടിയ കുളം പൊതുജനങ്ങൾക്ക് കുളിക്കാനായി തുറന്നുകൊടുക്കാനാവില്ലെന്ന് ആരോഗ്യവകുപ്പ് നഗരസഭയ്ക്ക് റിപ്പോർട്ട് നൽകി.
അച്ചംകുളത്തിൽ കുളിച്ചതിനെത്തുടർന്ന് ഫാറൂഖ് കോളേജിനടുത്ത് ഇരുമൂളിപ്പറമ്പ് സ്വദേശിയായ വിദ്യാർഥിക്ക് അമീബിക് മസ്തിഷ്കജ്വരം പിടിപെട്ടിരുന്നു. ചികിത്സയിലിരിക്കെ 2024 ജൂലായ് മൂന്നിന് മരിച്ചു. ഇതിനെത്തുടർന്ന് ജില്ലാ മെഡിക്കൽ ഓഫീസറാണ് കുളംപൂട്ടിയത്. ഒരുവർഷം കഴിഞ്ഞ് അടുത്ത മൺസൂണെത്തി കുളത്തിൽ വീണ്ടും വെള്ളം നിറഞ്ഞതോടെ കുളിക്കാനായി തുറന്നുനൽകണമെന്ന് പരക്കെ ആവശ്യമുയർന്നു. തുടർന്ന് വാർഡ് കൗൺസിലർ ബീനപ്രഭ കരംചന്ദ് നഗരസഭാ സെക്രട്ടറിക്ക് കത്തുനൽകുകയും ചെയ്തു. ജില്ലാ മെഡിക്കൽ ഓഫീസർ പൂട്ടിയ കുളം തുറക്കാൻ ആരോഗ്യവകുപ്പിന്റെ അനുമതി ആവശ്യമാണെന്ന് സെക്രട്ടറി നിലപാടെടുത്തു.
തുടർന്ന് രാമനാട്ടുകര കുടുംബാരോഗ്യകേന്ദ്രത്തിന്റെ നേതൃത്വത്തിൽ കുളത്തിലെ വെള്ളത്തിന്റെ സാംപിൾ പരിശോധനയ്ക്കയച്ചു. രോഗഹേതുവിന്റെ സാന്നിധ്യം കണ്ടെത്തിയതോടെ കൂടുതൽ പരിശോധനയ്ക്കായി കുളത്തിന്റെ നാലുഭാഗത്തുനിന്നായി വെള്ളം ശേഖരിച്ച് ലാബിലേക്കയച്ചു.