ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ് കടയിൽ നിന്ന് വാങ്ങുന്നവരാണോ നിങ്ങൾ?ഒന്ന് സൂക്ഷിച്ചോളൂ

11:45 AM Jul 07, 2025 | Kavya Ramachandran

പണ്ട് വീടുകളിൽ നിന്ന് തന്നെ സമയമെടുത്ത് തയ്യാറാക്കി കൊണ്ടിരുന്ന നമ്മുക്ക് ഇപ്പോൾ എല്ലാം റെഡി ടു ഈറ്റ് ആയി കടകളിൽ നിന്ന് ലഭിക്കും. പണി കുറയ്ക്കാൻ വേണ്ടി എല്ലാവരും കടകളിൽ നിന്ന് തന്നെയാണ് ഇത്തരം സാധനങ്ങൾ വാങ്ങുന്നത്.
നമ്മുടെ ഭക്ഷണങ്ങളിൽ ഒഴിച്ച് കൂടാൻ പറ്റാത്ത സാധനങ്ങളാണ് ഇഞ്ചിയും വെളുത്തുള്ളിയും. മുൻപ് വീട്ടിൽ നിന്ന് തന്നെ ഇവ അരച്ചോ ചതച്ചോ ആഹാരം തയ്യാറാക്കുമ്പോൾ ചേർക്കാറാണ് പതിവ്. എന്നാൽ ഇന്ന് ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് നമുക്ക് റെഡി മെയ്ഡ് ആയി ലഭിക്കും. ഇന്ന് എല്ലാ കടകളിലും ഇത് സുലഭമാണ്.

ഇഞ്ചി തൊലി കളഞ്ഞ്‌, വെളുത്തുള്ളി പൊളിച്ച്‌ പിന്നെയത്‌ എല്ലാം കൂടി മിക്‌സിയില്‍ ഇട്ട്‌ അടിച്ച്‌ വരുന്ന നേരവും മെനക്കേടുമെല്ലാം ലാഭിക്കാന്‍ ഈ ജിഞ്ചര്‍ ഗാര്‍ലിക്‌ പേസ്‌റ്റ്‌ ഉപകരിക്കുമെങ്കിലും കടയിൽ നിന്ന് ലഭിക്കുന്ന ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് നൂറ്ശതമാനം സുരക്ഷിതമല്ല എന്നാണ് ആരോഗ്യ വിദഗ്ദർ പറയുന്നത്.

പ്രിസര്‍വേറ്റീവുകളും അഡിറ്റീവുകളും രാസവസ്‌തുക്കളും ഇതിൽ അമിതമായി അടങ്ങിയിട്ടുണ്ടാകുമെന്നത് തന്നെ കാരണം. ഈ പായ്ക്കറ്റുകളിൽ പൊതുവേ ഉപയോഗിക്കുന്ന ചേരുവകളാണ്‌ സിട്രിക്‌ ആസിഡും, സാന്തം ഗമ്മും സിന്തറ്റിക്‌ ഫുഡ്‌ കളറുകളും. അമിതമായി ഇവ ഉപയോഗിച്ച്കഴിഞ്ഞാൽ പല പ്രശ്‌നങ്ങളും ഉണ്ടാക്കാം. പേസ്റ്റിന്റെ മണത്തിലോ നിറത്തിലോ എന്തെങ്കിലും വ്യത്യാസം ശ്രദ്ധയില്‍പ്പെടുകയോ അത്‌ വല്ലാതെ ഒട്ടിപ്പിടിക്കുന്നതോ, വെള്ളം പോലെ നീണ്ടു കിടക്കുന്നതോ ഒക്കെയായി ശ്രദ്ധയില്‍പ്പെട്ടാല്‍ ആ പായ്‌ക്ക്‌ ഒഴിവാക്കുന്നതാകും നല്ലത്‌.