തമിഴ്നാട്ടില്‍ ജയിലറെ നടുറോഡില്‍ ചെരിപ്പൂരി തല്ലി പെണ്‍കുട്ടി. മധുര സെന്‍ട്രല്‍ ജയില്‍ അസി.ജയിലര്‍ ബാലഗുരുസ്വാമിക്കാണ് മര്‍ദനമേറ്റത്. ജയിലിലുള്ള പ്രതിയുടെ ചെറുമകള്‍ ആണ് പെണ്‍കുട്ടി. പെണ്‍കുട്ടിയോട് തനിച്ചു വീട്ടിലേക്ക് വരാന്‍ ഇയാള്‍ ആവശ്യപ്പെട്ടു. തുടര്‍ന്ന് പെണ്‍കുട്ടി ബന്ധുക്കളെയും കൂട്ടി എത്തി തല്ലി.
കഴിഞ്ഞ നിരവധി തവണയായി പെണ്‍കുട്ടി മുത്തശനെ കാണാന്‍ ജയിലില്‍ പോകുമ്പോഴൊക്കെ ഇയാള്‍ മോശമായി പെരുമാറിയിരുന്നു. കഴിഞ്ഞയാഴ്ചയാണ് ജയില്‍ സന്ദര്‍ശിക്കുന്നതിനിടെ പെണ്‍കുട്ടിയെ വീട്ടിലേക്ക് ക്ഷണിച്ചത്. ഇതിനു പിന്നാലെയാണ് റോഡില്‍ വച്ച് തടഞ്ഞു വച്ച് മര്‍ദ്ദിച്ചത്. പെണ്‍കുട്ടിയുടെ വീട്ടിനടുത്തുള്ള സ്ത്രീകളും ഇവരോടൊപ്പമുണ്ടായിരുന്നു.
പൊലീസ് സ്ഥലത്തെത്തി പെണ്‍കുട്ടിയെ പിന്തിരിപ്പിക്കാന് ശ്രമിച്ചു. ഇയാള്‍ തനിക്കൊപ്പം പൊലീസ് സ്റ്റേഷനില്‍ വന്നാല്‍ മാത്രമേ പിന്തിരിയുകയുള്ളു എന്ന് യുവതി അറിയിച്ചു. ശേഷം മധുരെ പൊലീസ് സ്റ്റേഷനിലേക്ക് പെണ്‍കുട്ടി ബാലഗുരുസ്വാമിയുമായി പോയി. ഇയാള്‍ക്കെതിരെ പരാതി നല്‍കുകയും ചെയ്തു. സംഭവത്തില്‍ അസിസ്റ്റന്റ് ജയിലറെ സസ്പെന്‍ഡ് ചെയ്തിട്ടുണ്ട്. സമാന സാഹചര്യത്തില്‍ മറ്റുള്ള സ്ത്രീകളോടും പെണ്കുട്ടികളോടുമൊക്കെ ഇയാള്‍ മര്യാദയില്ലാതെ പെരുമാറിയതായി പരാതികളുണ്ട്.