+

ഗാനമേളകളിൽ ഒന്നിച്ച് പാടാൻ പോയ പരിചയം; 17-കാരിയുടെ തിരോധാനത്തിൽ അടിമുടി ദുരൂഹത ,തൂങ്ങിമരിച്ചെന്ന് മൊഴി; പല സംഘങ്ങളായി നടത്തിയ അന്വേഷണത്തിനൊടുവിൽ 15 വർഷത്തിനുശേഷം അറസ്റ്റ്

പട്ടികവർഗ ഉന്നതിയിലെ പെൺകുട്ടിയെ  പതിനഞ്ചുവർഷം മുൻപ്‌ കാണാതായ സംഭവത്തിൽ പാണത്തൂർ ചെമ്പലാലിൽ വീട്ടിൽ ബിജു പൗലോസ് എന്ന ബൈജുവിനെ (52) ക്രൈം ബ്രാഞ്ച് സംഘം അറസ്റ്റ് ചെയ്തു.

കാസർകോട്: പട്ടികവർഗ ഉന്നതിയിലെ പെൺകുട്ടിയെ  പതിനഞ്ചുവർഷം മുൻപ്‌ കാണാതായ സംഭവത്തിൽ പാണത്തൂർ ചെമ്പലാലിൽ വീട്ടിൽ ബിജു പൗലോസ് എന്ന ബൈജുവിനെ (52) ക്രൈം ബ്രാഞ്ച് സംഘം അറസ്റ്റ് ചെയ്തു. ഹൈക്കോടതി നിർദേശ പ്രകാരം രൂപവത്കരിച്ച ഐജി പി. പ്രകാശിന്റെയും എസ്‌പി പ്രജീഷ് തോട്ടത്തിലിന്റെയും നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് അറസ്റ്റ് ചെയ്തത്.

പെൺകുട്ടിയുടെ തിരോധാനവുമായി ബന്ധപ്പെട്ട്‌ ബിജു പൗലോസിന് നേരേ മുൻപേ ആരോപണമുയർന്നിരുന്നു. എന്നാൽ തെളിവുണ്ടായിരുന്നില്ല. പെൺകുട്ടി കൊല്ലപ്പെട്ടതായി സംശയം ഉയർന്നുവെങ്കിലും പ്രതിക്കെതിരേ കൊലപാതകക്കുറ്റം തെളിയാത്തതിനാൽ ആ വകുപ്പ് ചേർത്തിട്ടില്ല. തുടരന്വേഷണത്തിൽ വ്യക്തതവരുമെന്ന് ഐജി പി. പ്രകാശ് പറഞ്ഞു. പീഡനം, തട്ടിക്കൊണ്ടുപോകൽ, പട്ടികജാതി-പട്ടികവർഗ വിഭാഗങ്ങൾക്കെതിരായ അതിക്രമം തുടങ്ങിയ വകുപ്പുകൾ ചുമത്തി പ്രതിയെ കാഞ്ഞങ്ങാട് ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. 

കോടോം-ബേളൂർ പഞ്ചായത്തിലെ ഉന്നതിയിൽ താമസിക്കുന്ന പെൺകുട്ടി കാഞ്ഞങ്ങാട്ട് പഠനം നടത്തിവരുന്നതിനിടെ 2010-ലാണ്‌ കാണാതായത്. കേസ് കഴിഞ്ഞ ഡിസംബറിലാണ് ക്രൈംബ്രാഞ്ചിന് കൈമാറിയത്. പല സംഘങ്ങളായി നടത്തിയ അന്വേഷണത്തിനൊടുവിൽ കുടക് അയ്യങ്കേരിയിൽ നിർമാണ കരാറുകാരനായ പ്രതിയെ അവിടെനിന്നാണ്‌ കസ്റ്റഡിയിലെടുത്തത്‌. 

കാസർകോട് ഓഫീസിലെത്തിച്ച്‌ നടത്തിയ ചോദ്യം ചെയ്യലിലാണ് പ്രതി കുറ്റം സമ്മതിച്ചത്. ഗാനമേളകളിൽ ഒന്നിച്ച് പാടാൻ പോയതിന്റെ പരിചയംവെച്ച് കാഞ്ഞങ്ങാട്ട് താൻ വാടകയ്ക്കെടുത്ത് നൽകിയ മുറിയിൽ പെൺകുട്ടിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെന്നും മൃതദേഹം പാണത്തൂർ പവിത്രംകയത്തെ പുഴയിൽ താഴ്ത്തിയെന്നുമാണ് പ്രതിയുടെ മൊഴി. എന്നാൽ കൊലപാതകമായിരുന്നുവെന്ന് അന്വേഷണസംഘം സംശയിക്കുന്നു.

എറണാകുളത്ത് ജോലി ശരിയായെന്ന് പറഞ്ഞ് സർട്ടിഫിക്കറ്റുകളും മറ്റ് രേഖകളുമായി വീട്ടിൽ നിന്നിറങ്ങിയ പെൺകുട്ടിയെ 2010 ജൂൺ ആറിന്‌ കാണാതാകുകയായിരുന്നു. പത്തുവർഷത്തോളം അമ്പലത്തറ പോലീസ് അന്വേഷണം നടത്തിയെങ്കിലും തുമ്പ് കിട്ടിയില്ല. ഹൈക്കോടതി ക്രൈംബ്രാഞ്ച്‌ അന്വേഷണത്തിന്‌ ഉത്തരവിട്ടു.

മുൻപ്‌ കണ്ടെത്തിയ അജ്ഞാത മൃതദേഹങ്ങളെക്കുറിച്ച് വിശദ പരിശോധന നടത്തിയ ക്രൈംബ്രാഞ്ച് സംഘം 2011-ൽ കാസർകോട് അഴിമുഖത്തുനിന്ന് കിട്ടിയ മൃതദേഹത്തിന്റെ പ്രായം, ഉയരം, ഒപ്പമുണ്ടായിരുന്ന പാദസരം എന്നിവവെച്ച് മൃതദേഹം പെൺകുട്ടിയുടെതാണെന്ന് തിരിച്ചറിയുകയായിരുന്നു. അസ്ഥികൂടം കാഞ്ഞങ്ങാട്ടെ പൊതുശ്മശാനത്തിലാണ് സംസ്‌കരിച്ചത്. അത് പുറത്തെടുത്ത് വിശദമായ ഡിഎൻഎ പരിശോധനയ്ക്ക് അയച്ചിരിക്കുകയാണ്‌.


 

facebook twitter