ജയ്പൂർ: രാജസ്ഥാനിലെ ജോധ്പൂരിൽ മൂന്നുവയസുകാരിയായ ദളിത് പെൺകുട്ടിയെ കുടുംബ സുഹൃത്തായ ആൾ ബലാത്സംഗം ചെയ്തതായി പരാതി. പ്രതി കുട്ടിയെ ചിപ്സ് കൊടുത്ത് പ്രലോഭിപ്പിച്ച് അടുത്തുള്ള വയലിലേക്ക് കൂട്ടിക്കൊണ്ട് പോയാണ് പീഡിപ്പിച്ചത്. തുടർന്ന് പരിക്കുകളോടെ പെൺകുട്ടിയെ വീടിനടുത്ത് ഉപേക്ഷിച്ച് കടന്നു കളയുകയായിരുന്നു ഇയാൾ.
പെൺകുട്ടിയുടെ നിർത്താതെയുള്ള കരച്ചിൽ കേട്ട് കുടുംബം നാട്ടുകാരുടെ സഹായത്തോടെ കുട്ടിയെ അടുത്തുള്ള ആശുപത്രിയിലേക്ക് കൊണ്ടുപോയി. എന്നാൽ കുട്ടിയുടെ ആരോഗ്യ നില വഷളായതിനെത്തുടർന്ന് ചികിത്സയ്ക്കായി ജോധ്പൂരിലേക്ക് റഫർ ചെയ്തു. പ്രാഥമിക പരിശോധനയിൽ ലൈംഗികാതിക്രമത്തിന്റെ ലക്ഷണങ്ങൾ കണ്ടെത്തിയ ഡോക്ടർമാർ പൊലീസിൽ വിവരമറിയിക്കുകയായിരുന്നു.
കുറ്റകൃത്യത്തിന് ശേഷം പ്രതി ഭരത്പൂരിലേക്ക് രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും പാലിയിൽ വെച്ച് ഇയാൾ അറസ്റ്റിലായി. ഇയാൾ പോൺ ചിത്രങ്ങൾക്ക് അടിമയാണെന്നും, ഈ സംഭവത്തിന് തൊട്ടു മുൻപ് 15 ഓളം വീഡിയോകൾ കണ്ടിരുന്നുവെന്നും പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തി.കുട്ടിയുടെ നില ഇപ്പോഴും ഗുരുതരമായി തുടരുകയാണ്. അതേ സമയം, സംഭവം സംസ്ഥാനത്ത് വ്യാപകമായ പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്.