ഫരീദാബാദ്: മുൻ കാമുകിയുടെ വീട്ടിൽ അതിക്രമിച്ച് കയറി ആക്രമിക്കാൻ ശ്രമിച്ച കേസിൽ പോലീസ് അറസ്റ്റ് ചെയ്ത യുവാവ്, പോലീസ് സ്റ്റേഷനുള്ളിൽ തീകൊളുത്തി ആത്മഹത്യ ചെയ്തു. മഥുര സ്വദേശിയായ ധരംവീർ എന്ന 39-കാരനാണ് ദാരുണമായി മരിച്ചത്.
ഫരീദാബാദിലെ രാം നഗറിലുള്ള യുവതിയുടെ വിവാഹം തടയാനും അവരെ കൊല്ലാനും ലക്ഷ്യമിട്ടാണ് ധരംവീർ കോടാലിയുമായി യുവതിയുടെ വീട്ടിൽ അതിക്രമിച്ച് കയറിയത്. വിവാഹം തടസ്സപ്പെടുത്താൻ ശ്രമിച്ച ഇയാൾ അതിഥികളോട് മോശമായി പെരുമാറുകയും വധുവിനെ ആക്രമിക്കാൻ ശ്രമിക്കുകയും ചെയ്തതായി ദൃക്‌സാക്ഷികൾ പറയുന്നു. തുടർന്ന് ബന്ധുക്കൾ ചേർന്ന് ഇയാളെ കീഴടക്കി പോലീസിൽ ഏൽപ്പിക്കുകയായിരുന്നു.
സ്ത്രീയുടെ കുടുംബാംഗങ്ങളുടെ പരാതിയുടെ അടിസ്ഥാനത്തിൽ, അതിക്രമിച്ചു കയറിയതിനും മറ്റ് പ്രസക്തമായ വകുപ്പുകൾ പ്രകാരവും പോലീസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തു. എന്നാൽ, രേഖകൾ തയ്യാറാക്കിക്കൊണ്ടിരിക്കുന്നതിനിടെ, ധരംവീർ തൻ്റെ ബാഗിൽ നിന്ന് പെട്രോൾ കുപ്പി പുറത്തെടുത്ത് സ്വയം തീകൊളുത്തുകയായിരുന്നു.
ഉടൻ തന്നെ പോലീസുകാർ തീയണച്ച് ധരംവീറിനെ അടുത്തുള്ള സിവിൽ ആശുപത്രിയിൽ എത്തിച്ചു. ശരീരത്തിൻ്റെ പകുതിയിലധികം പൊള്ളലേറ്റതിനെ തുടർന്ന് ഇയാളെ ഡൽഹിയിലെ സഫ്ദർജംഗ് ആശുപത്രിയിലേക്ക് മാറ്റി. ഡോക്ടർമാരുടെ തീവ്ര ശ്രമങ്ങൾക്കിടയിലും തിങ്കളാഴ്ച ധരംവീർ മരണപ്പെട്ടു. പോസ്റ്റ്‌മോർട്ടത്തിനുശേഷം മൃതദേഹം കുടുംബത്തിന് കൈമാറി. ധരംവീർ വിവാഹിതനാണെന്നും മൂന്ന് കുട്ടികളുടെ പിതാവാണെന്നും പോലീസ് വൃത്തങ്ങൾ സ്ഥിരീകരിച്ചു.