+

ഹോട്ടലിലെ വൈ ഫൈയുമായി കാമുകിയുടെ ഫോൺ സ്വയം കണക്ട് ആയി; ബന്ധം ഉപേക്ഷിച്ച് യുവാവ്

കാമുകിയുടെ ഫോണ്‍ ഹോട്ടലിലെ വൈ ഫൈയുമായി സ്വയം കണക്ടായതിനെ തുടര്‍ന്ന് ബന്ധം ഉപേക്ഷിച്ച് യുവാവ്. കാമുകിയോടൊപ്പം യുവാവ് ആദ്യമായാണ് ആ ഹോട്ടലില്‍   എത്തിയത്

കാമുകിയുടെ ഫോണ്‍ ഹോട്ടലിലെ വൈ ഫൈയുമായി സ്വയം കണക്ടായതിനെ തുടര്‍ന്ന് ബന്ധം ഉപേക്ഷിച്ച് യുവാവ്. കാമുകിയോടൊപ്പം യുവാവ് ആദ്യമായാണ് ആ ഹോട്ടലില്‍   എത്തിയത് . എന്നാല്‍ ഹോട്ടലിലെ വൈ ഫൈ യുവതിയുടെ ഫോണുമായി സ്വയം കണക്ടായതോടെ കാമുകി തന്നെ വഞ്ചിക്കുകയാണെന്ന് ആരോപിച്ച് യുവാവ് ബന്ധം ഉപേക്ഷിക്കുകയായിരുന്നു. ചൈനയിലാണ് സംഭവം.

മെയ് ദിനത്തിലെ അവധി ദിവസമാണ് ലി എന്ന് പേരുള്ള യുവതി തെക്കുപടിഞ്ഞാറന്‍ ചൈനയിലെ ചോങ്കിങ്ങിലുള്ള ഒരു ഹോട്ടലില്‍ കാമുകനോടൊപ്പം പോയത്. ഹോട്ടലില്‍ ചെക്ക് ഇന്‍ ചെയ്യാനായി അവിടുത്തെ സ്റ്റാഫ് ഇരുവരുടേയും തിരിച്ചറിയില്‍ കാര്‍ഡ് ചോദിച്ചു. എന്നാല്‍ ലിയുടെ കാര്‍ഡ് കൈയിലില്ലായിരുന്നു. തുടര്‍ന്ന് ഡിജിറ്റില്‍ ഐഡി കാര്‍ഡ് ഡൗണ്‍ലോഡ് ചെയ്യാനായി ശ്രമിച്ചപ്പോഴാണ് ലിയുടെ ഫോണ്‍ ഹോട്ടലിലെ വൈ ഫൈയുമായി സ്വയം കണക്ട് ആയത്.

ഇതോടെ ലിയെ സംശയിച്ച യുവാവ് നേരത്തെ ആരുടെ കൂടെയെങ്കിലും ഈ ഹോട്ടലില്‍ പോയിട്ടുണ്ടോ എന്ന് ചോദിച്ചു. താന്‍ ആദ്യമായിട്ടാണ് ഇവിടെ വരുന്നതെന്ന ലി മറുപടി നല്‍കിയെങ്കിലും ഫോണ്‍ എന്തുകൊണ്ട് വൈ-ഫൈയുമായി സ്വയം കണക്ട് ആയി എന്നത് വിശദീകരിക്കാന്‍ ലീക്ക് കഴിഞ്ഞില്ല. ഇതോടെ ഇരുവരും തമ്മിലുള്ള തര്‍ക്കം രൂക്ഷമായി. ലീ തന്നെ വഞ്ചിച്ചുവെന്ന് ആരോപിച്ച് കാമുകന്‍ അവരെ ഉപേക്ഷിച്ചുവെന്നും സൗത്ത് ചൈന മോണിങ് പോസ്റ്റിലെ റിപ്പോര്‍ട്ടില്‍ പറയുന്നു.

എന്നാല്‍ താന്‍ നിരപരാധിയാണെന്ന് ഉറച്ചുവിശ്വസിച്ചിരുന്ന ലീ ആദ്യം തന്റെ സുഹൃത്തുക്കളോടാണ് ഇക്കാര്യം പങ്കുവെച്ചത്. അവര്‍ക്കും വേര്‍പിരിയലിന്റെ കാരണം വിശ്വസിക്കാനായില്ല. അപമാനിതയായ ലീ വൈ ഫൈ കണക്ഷന്റെ കാരണം കണ്ടെത്താന്‍ ശ്രമം തുടങ്ങി. താന്‍ മുമ്പ് ജോലി ചെയ്തിരുന്ന ചോങ്കിങ്ങിലെ മറ്റൊരു ഹോട്ടല്‍ ഇതേ യൂസര്‍ നെയിമും പാസ് വേഡുമാണ് വൈ ഫൈയ്ക്കായി ഉപയോഗിച്ചിരുന്നതെന്ന് ലീ മനസിലാക്കി. അന്ന് കണക്ട് ചെയ്ത വൈ ഫൈ ആണ് ഈ ഹോട്ടലിലെത്തിയപ്പോഴും സ്വയം കണക്ട് ആയത്. ഇതോടെ കാമുകനെ വിളിച്ച് ലീ കാര്യങ്ങള്‍ വിശദീകരിക്കാന്‍ ശ്രമിച്ചു. എന്നാല്‍ അയാള്‍ ലീയോട് സംസാരിക്കാന്‍ വിസമ്മതിക്കുകയും ചാറ്റ് ആപ്പിലെ ലീയുടെ അക്കൗണ്ട് ഡിലീറ്റ് ചെയ്യുകയും ചെയ്തു.

തുടര്‍ന്ന് തന്റെ നിരപരാധിത്വം തെളിയിക്കാന്‍ ലീ പ്രാദേശിക വാര്‍ത്താ ചാനലിന്റെ സഹായം തേടി. ലീയുടെ കണ്ടെത്തല്‍ പരിശോധിക്കാന്‍ ചാനലിലെ റപ്പോര്‍ട്ടര്‍ ലീയുടെ പഴയ ജോലിസ്ഥലത്ത് പോയി റിസപ്ഷന്‍ ഡെസ്‌കിലെ വൈ-ഫൈയുമായി കണക്ട് ചെയ്യുകയും പിന്നീട് ലീയും കാമുകനും സന്ദര്‍ശിച്ച ഹോട്ടലിലേക്കും പോവുകയും ചെയ്തു. 

അവിടെയെത്തിയപ്പോള്‍ റിപ്പോര്‍ട്ടറുടെ ഫോണ്‍ ഹോട്ടലിലെ വൈ ഫൈയുമായി സ്വയം കണക്ട് ആയി. ഇതോടെ ലീക്ക് തന്റെ നിരപരാധിത്വം തെളിയിക്കാന്‍ കഴിഞ്ഞെന്നും തന്നെ വിശ്വസിക്കാത്ത ആ യുവാവുമായി വീണ്ടും ഒന്നിക്കാന്‍ ആഗ്രഹിക്കുന്നില്ലെന്നും ലീ വ്യക്തമാക്കിയതായി സൗത്ത് ചൈന മോണിങ് പോസ്റ്റിലെ റിപ്പോര്‍ട്ടില്‍ പറയുന്നു. 
 

facebook twitter