ശബരിമല സന്നിധാനത്ത് അയ്യപ്പഭക്തർക്കായി ഗ്ലൂക്കോസ് വിതരണം; ആശ്വാസമായി സ്റ്റുഡന്റ് പോലീസ് കേഡറ്റുകളുടെ സേവനം

03:39 PM Dec 20, 2025 | Kavya Ramachandran

ശബരിമല : പമ്പയില്‍ നിന്ന് മലകയറി ക്ഷീണിച്ചെത്തുന്ന അയ്യപ്പഭക്തന്മാര്‍ക്ക് ഗ്ലൂക്കോസ് നല്‍കി ആശ്വാസമേകുകയാണ് കേരള പോലീസിന്റെ സ്റ്റുഡന്റ് പോലീസ് സംഘം. ശബരിമല സന്നിധാനത്ത് വലിയ നടപ്പന്തലിനു മുന്‍പ് ഗവണ്‍മെന്റ് ആശുപത്രിക്ക് എതിര്‍വശത്തായി ആരംഭിച്ച തീര്‍ഥാടക സഹായ കേന്ദ്രത്തിലാണ് ഗ്ലൂക്കോസ് വിതരണം. സന്നിധാനം സ്‌പെഷ്യല്‍ ഓഫീസര്‍ പി. ബാലകൃഷ്ണന്‍ നായര്‍ ഗ്ലൂക്കോസ് വിതരണത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു. 

പത്തനംതിട്ടയിലെ വിവിധ സ്‌കൂളുകളില്‍ നിന്നുള്ള സ്റ്റുഡന്റ് പോലീസ് കേഡറ്റുകളുടെ അലുംമ്‌നിയാണ് ഗ്ലൂക്കോസ് വിതരണത്തിന് നേതൃത്വം നല്‍കുന്നത്. 16 കേഡറ്റുകളാണ് സന്നിധാനത്ത് വിവിധയിടങ്ങളിലായി അയ്യപ്പ ഭക്തന്മാര്‍ക്ക് സേവനം നല്‍കാനായി രംഗത്തുള്ളത്. 24 മണിക്കൂറും ഗ്ലൂക്കോസ് വിതരണവും തീര്‍ഥാടക സഹായ കേന്ദ്രത്തിന്റെ സേവനവും ലഭ്യമാകുമെന്ന് സ്‌പെഷ്യല്‍ ഓഫീസര്‍ അറിയിച്ചു. 

എഎംഎം എച്ച്എസ്എസ് ഇടയാറന്‍മുള, എംആര്‍എസ് വടശേരിക്കര, എസ്എന്‍വി എച്ച്എസ്എസ് & വിഎച്ച്എസ്എസ് അങ്ങാടിക്കടവ്, സെന്റ് തോമസ് എച്ച്എസ്എസ് കോഴഞ്ചേരി എന്നിവിടങ്ങളില്‍ നിന്നുള്ള കേഡറ്റുകളാണ് ഗ്ലൂക്കോസ് വിതരണ കൗണ്ടറിലുള്ളത്.  തീര്‍ഥാടക സഹായ കേന്ദ്രം ഹെല്‍പ്പ് ലൈന്‍-14432, എമര്‍ജന്‍സി മെഡിക്കല്‍ സെന്റര്‍- 04735 203232