+

'തൊലി കറുത്തവര്‍ തിരിച്ചുപോകൂ; ഓസ്‌ട്രേലിയയിലെ ക്ഷേത്രത്തിലും രണ്ട് ഏഷ്യന്‍ റെസ്റ്റോറന്റുകളിലും വംശീയാധിക്ഷേപ ചുവരെഴുത്ത്

ഇന്ത്യക്കാര്‍ക്കെതിരായ വംശീയ വിദ്വേഷ ആക്രമണങ്ങള്‍ സംബന്ധിച്ച് ആശങ്ക ഉയരുകയാണ്.

 ഇന്ത്യക്കാര്‍ക്കെതിരെ വംശീയ അധിക്ഷേപവുമായി ഓസ്‌ട്രേലിയയിലെ ക്ഷേത്രത്തിലും ഏഷ്യന്‍ റെസ്റ്റോറന്റുകളിലും ചുവരെഴുത്ത്. 'തൊലി കറുത്തവര്‍ നാട് വിട്ടുപോകൂ' എന്നെഴുതിയാണ് ക്ഷേത്ര ചുമര്‍ വികൃതമാക്കിയത്. മെല്‍ബണിലെ സ്വാമിനാരായണ ക്ഷേത്രത്തിലും രണ്ട് റെസ്റ്റോറന്റുകളിലും വിദ്വേഷകരമായ ചുവരെഴുത്തുകള്‍ പ്രത്യക്ഷപ്പെട്ടതായി ദി ഓസ്ട്രേലിയ ടുഡേ റിപ്പോര്‍ട്ട് ചെയ്തു. ഇന്ത്യന്‍ വിദ്യാര്‍ത്ഥിക്ക് ഓസ്‌ട്രേലിയയില്‍ ക്രൂരമായി മര്‍ദനമേറ്റതിന് പിന്നാലെയാണിത്.

ബോറോണിയയിലെ വാഡ്ഹര്‍സ്റ്റ് ഡ്രൈവിലുള്ള ക്ഷേത്രത്തില്‍ അഡോള്‍ഫ് ഹിറ്റ്‌ലറുടെ ചിത്രം സ്‌പ്രേ പെയിന്റ് ചെയ്തതിനൊപ്പമാണ് ബ്രൌണ്‍ നിറമുള്ളവര്‍ തിരികെ പോകാന്‍ എഴുതിയിരിക്കുന്നത്. സമീപത്തുള്ള രണ്ട് ഏഷ്യന്‍ റെസ്റ്റോറന്റുകളിലും ഇതേ സന്ദേശം പ്രത്യക്ഷപ്പെട്ടു. ഇതോടെ ഇന്ത്യക്കാര്‍ക്കെതിരായ വംശീയ വിദ്വേഷ ആക്രമണങ്ങള്‍ സംബന്ധിച്ച് ആശങ്ക ഉയരുകയാണ്.

ഈ സംഭവത്തില്‍ രൂക്ഷ വിമര്‍ശനവുമായി ഹിന്ദു കൗണ്‍സില്‍ ഓഫ് ഓസ്ട്രേലിയയുടെ (വിക്ടോറിയ ചാപ്റ്റര്‍) പ്രസിഡന്റ് മകരന്ദ് ഭാഗവത് രംഗത്തെത്തി. ഇത് നമ്മുടെ വ്യക്തിത്വത്തിനും ആരാധിക്കാനുള്ള അവകാശത്തിനും നേരെയുള്ള ആക്രമണമാണെന്ന് അദ്ദേഹം പറഞ്ഞു. തുടര്‍ന്ന് വിക്ടോറിയ പ്രീമിയര്‍ ജാസിന്റ അലന്‍ ഇടപെട്ടു. വിദ്വേഷവും വംശീയതയും നിറഞ്ഞ ഈ സംഭവം അസ്വസ്ഥപ്പെടുത്തുന്നതാണെന്നും അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ടെന്നും അറിയിച്ചു.

Trending :
facebook twitter