+

ഗോവ നിശാക്ലബ് തീപിടുത്തം: ജാമ്യത്തിനായി കോടതിയെ സമീപിച്ച് ക്ലബ് ഉടമകളായ ലുത്ര സഹോദരങ്ങള്‍

ഗോവ പോലീസ് സിബിഐയുടെ സഹായത്തോടെ ഇന്റര്‍പോളിനെ വിവരം അറിയിച്ച് ബ്ലൂ കോര്‍ണര്‍ നോട്ടീസ്‌ പുറപ്പെടുവിച്ചു

ഗോവയിലെ നിശാ ക്ലബില്‍ ഉണ്ടായ തീപിടുത്തത്തില്‍ പങ്കില്ലെന്ന വാദം ഉയര്‍ത്തി ഉടമകളായ ഗൗരവ് ലുത്രയും സൗരഭ് ലുത്രയും. ജാമ്യത്തിനായി ലുത്ര സഹോദരങ്ങള്‍ കോടതിയെ സമീപിച്ചു. ബെല്ലി ഡാന്‍സിനിടെ ഉപയോഗിച്ച കരിമരുന്നുകളാണ് തീ പടര്‍ത്തിയതെന്ന് അന്വേഷണ റിപ്പോര്‍ട്ട്. ക്ലബ് ഉടമകളായ ലുത്ര സഹോദരങ്ങളെ തായ്ലന്റില്‍ നിന്ന് ഉടന്‍ ഇന്ത്യയില്‍ എത്തിക്കും. നിശാക്ലബ്ബിലുണ്ടായ തീപിടുത്തത്തില്‍ 25 പേര്‍ മരിക്കുകയും 6 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. പ്രതികളും ക്ലബുടമകളുമായ സഹോദരങ്ങളെ തായ്‌ലന്റില്‍ നിന്നാണ് പൊലീസ് അറസ്റ്റ് ചെയ്തത്. തീപിടുത്തമുണ്ടായ ഉടന്‍ തന്നെ ഗോവയില്‍ നിന്നും തായ്‌ലന്റിലേക്ക് കടന്ന ഇവരെ പിടികൂടാന്‍ ഇന്റര് പോള്‍ ബ്ലൂ കോര്‍ണര്‍ നോട്ടീസ് പുറപെടുവിച്ചിരുന്നു.

ഡിസംബര്‍ 6 അര്‍ദ്ധ രാത്രി 11 മണിയോടെയാണ് ഗോവ പനാജിക്ക് സമീപം അര്‍പോറ ഗ്രാമത്തിലെ നിശാ ക്ലബിന് തീപിടിക്കുന്നത്. സംഭവത്തെകുറിച്ച് അന്വേഷണം തുടങ്ങിയപ്പോഴാണ് സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചിരുന്നില്ല എന്ന് വ്യക്തമായത്. ഇതോടെ ഉടമകളിലൊരാളെയും മാനേജരെയും  മറ്റ് നാല് ജീവനക്കാരെയും അറസ്റ്റു ചെയ്തു. ഇവരെ ചോദ്യം ചെയ്തപ്പോഴാണ് പ്രധാന ഉടമകളായ ഗൗരവ്, സൗരഭ് ലുത്ര എന്നിവര്‍ തായ്‌ലന്റിലേക്ക് കടന്നുവെന്ന വിവരം ലഭിക്കുന്നത്. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ അപകടം നടന്ന്  ഒന്നര മണിക്കൂറിനുള്ളില്‍ ടിക്കറ്റെടുത്ത് തായ്‌ലന്റിലെ ഫുക്കറ്റിലേക്ക് കടന്നതായി വ്യക്തമായി.

തുടര്‍ന്ന് ഗോവ പോലീസ് സിബിഐയുടെ സഹായത്തോടെ ഇന്റര്‍പോളിനെ വിവരം അറിയിച്ച് ബ്ലൂ കോര്‍ണര്‍ നോട്ടീസ്‌
പുറപ്പെടുവിച്ചു. ഇതിന്റെ അടിസ്ഥാനത്തിലാണ് തായ്‌ലന്റ് പോലീസ് ഇരുവരെയും അറസ്റ്റു ചെയ്തത്. ഇന്ത്യയ്ക്കും തായ്ലന്‍ഡിനും ഇടയില്‍ 2015 മുതല്‍ പ്രാബല്യത്തിലുള്ള കൈമാറല്‍ ഉടമ്പടിയുടെ ഭാഗമായി ഇരുവരെയും ഇന്ത്യയിലേക്കയക്കും. സംഭവത്തില്‍ ഇനിയും പ്രതികളുണ്ടെന്നാണ് ഗോവ പോലീസ് നല്‍കുന്ന വിവരം. നിശാക്ലബ് സ്ഥിതി ചെയ്യുന്ന ഭുമിയുടെ ഉടമയായ ബ്രിട്ടീഷ് പൗരനെയും കേസില്‍ പ്രതി ചേര്ത്തിട്ടുണ്ട്. സംഭവത്തിലെ സുരക്ഷാ വീഴ്ച്ചകളെകുറിച്ച് വിശദമായ ജുഡീഷ്യല്‍ അന്വേഷണം പുരോഗമിക്കുകയാണ്.

facebook twitter