കൊച്ചി: സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും ഇടിവ്. കഴിഞ്ഞ ദിവസം ആയിരത്തോളം രൂപ വർധിച്ച സ്വർണവില ഇന്ന് അതേപോലെ തിരിച്ചിറങ്ങി.നിലവിൽ 92,000ൽ താഴെയാണ് സ്വർണവില.
ഇന്ന് പവന് 840 രൂപയാണ് കുറഞ്ഞത്. 91,280 രൂപയാണ് ഒരു പവൻ സ്വർണത്തിന്റെ വില. ഗ്രാമിന് 105 രൂപയാണ് കുറഞ്ഞത്. 11,410 രൂപയാണ് ഒരു ഗ്രാം സ്വർണത്തിന്റെ വില. ഒരിടവേളയ്ക്ക് ശേഷം ശനിയാഴ്ച പവന് ഒറ്റയടിക്ക് 920 രൂപയാണ് വർധിച്ചത്. ഈ മാസം സ്വർണവിലയിൽ ഏറ്റവും കുറവ് രേഖപ്പെടുത്തിയത് ഒക്ടോബർ മൂന്നിനായിരുന്നു. അന്ന് 86,560 രൂപയായിരുന്നു വില.
17ന് രേഖപ്പെടുത്തിയ 97,360 രൂപയാണ് സർവകാല റെക്കോർഡ്. അമേരിക്കയിൽ സാമ്പത്തിക രംഗത്ത് നിലനിൽക്കുന്ന അനിശ്ചിതത്വം അടക്കമുള്ള വിഷയങ്ങളാണ് അന്താരാഷ്ട്ര വിപണിയിൽ സ്വർണവിലയെ സ്വാധീനിക്കുന്നത്. അന്താരാഷ്ട്ര വിപണിയിൽ സ്വർണവിലയിൽ ഉണ്ടാകുന്ന ചലനങ്ങൾ ഇന്ത്യൻ വിപണിയിലും പ്രതിഫലിക്കുന്നതാണ് വില വർധനയ്ക്ക് കാരണം.