ആൻഡ്രോയിഡ് 16 ബീറ്റ 3.2 അപ്‌ഡേറ്റ് ഗൂഗിൾ പുറത്തിറക്കി. ഡെവലപ്പർമാർക്കും ബീറ്റ ടെസ്റ്റർമാർക്കും ആണ് ഈ വേർഷൻ ഇപ്പോൾ ലഭ്യമായി തുടങ്ങിയിരിക്കുന്നത്. തെരഞ്ഞെടുത്ത പിക്‌സൽ ഡിവൈസുകൾക്കായി അവതരിപ്പിച്ച ഈ പതിപ്പ്, അസാധാരണമായ ബാറ്ററി ഡ്രെയിൻ, തെറ്റായി കാലിബ്രേറ്റ് ചെയ്‌ത ഹാപ്‌റ്റിക് ഫീഡ്‌ബാക്ക്, മറ്റ് ടെക്നിക്കൽ പ്രശ്‌നങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട ബഗുകൾക്കുള്ള പരിഹാരങ്ങൾ കൊണ്ടുവരുന്നുണ്ട്.
ഗൂഗിൾ പിക്‌സൽ ഉപകരണങ്ങളിലെ മുൻ അപ്‌ഡേറ്റുകളിൽ ഉപയോക്താക്കൾ റിപ്പോർട്ട് ചെയ്ത നിരവധി പ്രശ്‌നങ്ങൾക്കുള്ള പരിഹാരങ്ങൾ കൊണ്ടുവരുന്ന പതിപ്പാണ് അന്‍ഡ്രോയിഡ് 16 ബീറ്റ 3.2 പതിപ്പെന്നാണ് ഗൂഗിള്‍ വ്യക്തമാക്കിയിരിക്കുന്നത്. ആപ്പ് ഡ്രോയറിൽ ഹാപ്‌റ്റിക്‌സിനെ പ്രവർത്തനക്ഷമമാക്കിയിരിക്കുമ്പോൾ, ഓൺ-സ്‌ക്രീൻ കീബോർഡിൽ ടൈപ്പ് ചെയ്യുമ്പോൾ, അല്ലെങ്കിൽ ബാക്ക് ജെസ്റ്റർ ഉപയോഗിക്കുമ്പോൾ ഹാപ്‌റ്റിക്‌സിനെ തെറ്റായി കാലിബ്രേറ്റ് ചെയ്യാൻ കാരണമായ ഒരു പ്രശ്‌നം ഇത് പരിഹരിക്കുന്നതായി ചേഞ്ച്‌ലോഗ് വെളിപ്പെടുത്തുന്നുണ്ട്.
ഗൂഗിളിന്റെ ഇഷ്യൂ ട്രാക്കറിൽ റിപ്പോർട്ട് ചെയ്ത മറ്റൊരു പ്രശ്‌നം ക്യാമറ ഉപയോഗിച്ച് ഫോട്ടോകളോ വീഡിയോകളോ എടുക്കുമ്പോൾ പിക്‌സൽ 6, പിക്‌സൽ 6 പ്രോ ഫോണുകളുടെ സ്‌ക്രീനിന് സംഭവിക്കുന്ന പിഴവാണ്. ഇതും പുതിയ പതിപ്പിലൂടെ പരിഹരിച്ചിട്ടുണ്ട്. ബഗ് പരിഹാരങ്ങൾക്കൊപ്പം, ആൻഡ്രോയിഡ് 16 ബീറ്റ 3.2 അപ്‌ഡേറ്റ് 2025 മാർച്ച് സുരക്ഷാ പാച്ചും ബണ്ടിൽ ചെയ്യുന്നുണ്ട്. ആൻഡ്രോയിഡ് ബീറ്റ ഫോർ പിക്സൽ പ്രോഗ്രാമിൽ ചേർന്നിട്ടുള്ള എല്ലാ യോഗ്യമായ ഡിവൈസുകളിലും ബീറ്റ 3.2 ലേക്ക് ഓവർ-ദി-എയർ (OTA) അപ്‌ഡേറ്റ് നൽകുമെന്ന് ഗൂഗിള്‍ അറിയിച്ചിട്ടുണ്ട്.അതേസമയം ബീറ്റ പ്രോഗ്രാമിന്റെ ഭാഗമായി പുറത്തിറക്കിയ അപ്‌ഡേറ്റുകൾ സോഫ്റ്റ്‌വെയറിന്റെ പ്രീ-റിലീസ് പതിപ്പുകളാണെന്നും ഡിവൈസിൻ്റെ സാധാരണ പ്രവർത്തനത്തെ ബാധിക്കുന്ന പിശകുകള്‍ ഇതില്‍ അടങ്ങിയിരിക്കാമെന്നത് ശ്രദ്ധിക്കേണ്ടതാണ്.