ഭുവനേശ്വർ: ഒഡിഷയിൽ ആസ്ട്രേലിയൻ സുവിശേഷകനായ ഗ്രഹാം സ്റ്റെയിൻസിനെയും രണ്ടു മക്കളെയും
ജീവനോടെ കത്തിച്ചു കൊന്ന കേസിലെ പ്രതികളിലൊരാളായ മഹേന്ദ്ര ഹെംബ്രാമിനെ (50) ജയിലിൽനിന്ന് മോചിപ്പിച്ചു. 25 വർഷമായി ജയിലിൽ തുടരുന്ന ഹെംബ്രാമിനെ നല്ലനടപ്പ് പരിഗണിച്ച് മോചിപ്പിക്കാൻ സംസ്ഥാന തടവ് അവലോകന ബോർഡ് തീരുമാനിക്കുകയായിരുന്നു.
ബുധനാഴ്ചയാണ് ഹെംബ്രാം ജയിലിൽനിന്ന് പുറത്തിറങ്ങിയത്. കുഷ്ഠരോഗികളെ പരിചരിക്കാൻ ജീവിതം ഉഴിഞ്ഞുവെച്ച ഗ്രഹാം സ്റ്റെയിൻസിനെയും (58) മക്കളായ തിമോത്തി (10), ഫിലിപ്പ് (ഏഴ്) എന്നീ മക്കളെയും മനോഹർപുർ ഗ്രാമത്തിൽ ജീവനോടെ തീകൊളുത്തുകയായിരുന്നു. 1999 ജനുവരി 22ന് അർധരാത്രി മനോഹർപുർ ഗ്രാമത്തിൽ പള്ളിക്കു മുന്നിൽ നിർത്തിയ വാഹനത്തിൽ വിശ്രമിക്കുകയായിരുന്നു സ്റ്റെയിൻസും രണ്ട് മക്കളും. ജയ്ഹനുമാൻ വിളിച്ചെത്തിയ സംഘം ഇവരെ വാഹനത്തിനുള്ളിലിട്ട് കത്തിച്ചു. ഭാര്യ ഗ്ലാഡിസും മകൾ എസ്തറും കൂടെയില്ലാത്തതിനാൽ രക്ഷപ്പെട്ടു.