+

ഗസ്സയിലെ വംശഹത്യ നീതീകരിക്കാനാവാത്തത്: ഗ്രാൻഡ് മുഫ്തി

യുദ്ധക്കെടുതിയിലും പട്ടിണിയിലും പൊറുതിമുട്ടുന്ന ഗസ്സയിലെ മനുഷ്യരുടെ രക്ഷക്കും സമാധാനത്തിനും വേണ്ടി മർകസിൽ പ്രത്യേക പ്രാർഥന സദസ്സ് നടത്തി


കോഴിക്കോട്: യുദ്ധക്കെടുതിയിലും പട്ടിണിയിലും പൊറുതിമുട്ടുന്ന ഗസ്സയിലെ മനുഷ്യരുടെ രക്ഷക്കും സമാധാനത്തിനും വേണ്ടി മർകസിൽ പ്രത്യേക പ്രാർഥന സദസ്സ് നടത്തി. ഇന്ത്യൻ ഗ്രാൻഡ് മുഫ്തി കാന്തപുരം എപി അബൂബക്കർ മുസ്‌ലിയാർ നേതൃത്വം നൽകിയ സദസ്സിൽ പണ്ഡിതരും സാദാത്തുക്കളും വിദ്യാർഥികളുമുൾപ്പെടെ ആയിരത്തിലധികം പേർ പങ്കെടുത്തു. ഒരിക്കലും നീതീകരിക്കാനാവാത്ത വംശഹത്യയാണ് ഇസ്രായേൽ നടത്തുന്നതെന്നും പിറന്ന മണ്ണിൽ അഭയാർഥികളായി അരവയറുപോലും നിറക്കാൻ നിവൃത്തിയില്ലാത്ത ഗസ്സയിലെ മനുഷ്യരുടെ വിഷയത്തിൽ മാനവ സമൂഹം ഐക്യപ്പെടേണ്ടതുണ്ടെന്നും ഗ്രാൻഡ് മുഫ്തി പറഞ്ഞു.  

ജാമിഅ മർകസ് ചാൻസിലർ സി മുഹമ്മദ് ഫൈസി ചടങ്ങിൽ  അധ്യക്ഷത വഹിച്ചു.  വിപിഎം ഫൈസി വില്യാപ്പള്ളി, അബ്ദുൽ അസീസ് സഖാഫി വെള്ളയൂർ, സി പി ഉബൈദുല്ല സഖാഫി, ബശീർ സഖാഫി കൈപ്പുറം, ഉമറലി സഖാഫി എടപ്പുലം, മുഹ്‌യിദ്ദീൻ സഅദി കൊട്ടുക്കര, അബ്ദുൽ ഗഫൂർ അസ്ഹരി പാറക്കടവ്, അബ്ദുസ്സത്താർ കാമിൽ സഖാഫി, അബ്ദുറഹ്‌മാൻ സഖാഫി വാണിയമ്പലം, ഹനീഫ് സഖാഫി ആനമങ്ങാട്, സയ്യിദ് ജസീൽ കാമിൽ സഖാഫി തുടങ്ങിയവർ സംബന്ധിച്ചു. 

ഇന്ത്യൻ ഗ്രാൻഡ് മുഫ്തിയുടെ ആഹ്വാനത്തെ തുടർന്ന് ഇന്ത്യയിലെ സുന്നി മുസ്‌ലിം സമൂഹം ഇന്നലെ(തിങ്കൾ) നോമ്പനുഷ്ഠിക്കുകയും മസ്‌ജിദുകളിലും വീടുകളിലും പ്രത്യേക പ്രാർഥന നടത്തുകയും ചെയ്തിരുന്നു. 

facebook twitter