+

'കഴുതപ്പുലികളേക്കാൾ മോശമായി പെരുമാറുന്ന ഒരു കൂട്ടം പുരുഷന്മാർ, വേറെ ​ഗ്രഹത്തിലാക്കണം'; നിധിക്കെതിരായ അതിക്രമത്തിൽ ചിന്മയി

'കഴുതപ്പുലികളേക്കാൾ മോശമായി പെരുമാറുന്ന ഒരു കൂട്ടം പുരുഷന്മാർ, വേറെ ​ഗ്രഹത്തിലാക്കണം'; നിധിക്കെതിരായ അതിക്രമത്തിൽ ചിന്മയി

നടി നിധി അഗർവാളിനെതിരായ ആരാധകരുടെ അതിക്രമത്തെ അപലപിച്ച് ഗായിക ചിന്മയി. ഇത്തരം ആളുകൾ കഴുതപ്പുലികൾക്കുപോലും അപമാനമാണെന്ന് അവർ സോഷ്യൽ മീഡിയയിൽ കുറിച്ചു. ഹൈദരാബാദിൽ വെച്ചാണ് നിധി അഗർവാളിന് ആരാധകരിൽനിന്ന് മോശം പെരുമാറ്റം ഉണ്ടായത്. പ്രഭാസ് നായകനാകുന്ന ദി രാജാസാബ് എന്ന ചിത്രത്തിന്റെ ഓഡിയോ ലോഞ്ച് ചടങ്ങിൽ പങ്കെടുത്തശേഷം മടങ്ങുകയായിരുന്നു അവർ.

ആൾക്കൂട്ടത്തിന് നടുവിൽ അകപ്പെട്ട നിധിയുടെ വീഡിയോ പങ്കുവെച്ചുകൊണ്ടാണ് ചിന്മയി ഈ വിഷയത്തിൽ പ്രതികരിച്ചത്. "കഴുതപ്പുലികളേക്കാൾ മോശമായി പെരുമാറുന്ന ഒരു കൂട്ടം പുരുഷന്മാർ. വാസ്തവത്തിൽ, കഴുതപ്പുലികളെ എന്തിന് അപമാനിക്കണം? സമാന ചിന്താഗതിയുള്ള പുരുഷന്മാരെ ഒരുമിച്ചുകൂട്ടിയാൽ അവർ ഒരു സ്ത്രീയെ ഇങ്ങനെ ഉപദ്രവിക്കും. എന്തുകൊണ്ടാണ് ഏതെങ്കിലും ദൈവം അവരെ എല്ലാവരെയും കൊണ്ടുപോയി മറ്റൊരു ഗ്രഹത്തിൽ ആക്കാത്തത്?" ചിന്മയി ചോദിച്ചു.

ഓഡിയോ ലോഞ്ച് ചടങ്ങിനുശേഷം പുറത്തുവന്ന നിധിയുടെ അരികിലേക്ക് ആരാധകർ ഇരച്ചെത്തുകയായിരുന്നു. സുരക്ഷാ ജീവനക്കാരെപ്പോലും വകവെയ്ക്കാതെയാണ് ജനക്കൂട്ടം നിധിക്ക് അരികിലേക്കെത്തിയത്. ഏറെ പണിപ്പെട്ടാണ് അവർ കാറിൽ കയറിയത്. നടിയെ തൊടാനും വസ്ത്രം പിടിച്ചുവലിക്കാനുമെല്ലാം ആരാധകർ ശ്രമിക്കുന്നത് പ്രചരിക്കുന്ന വീഡിയോയിലുണ്ട്.

നിധി അഗർവാളിനൊപ്പം നിന്നുള്ള ഫോട്ടോ എടുക്കാൻ ആരാധകർ കൂട്ടത്തോടെ വന്നതാണ് തിക്കിനും തിരക്കിനും കാരണമെന്നാണ്‌ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. ഒരുവിധത്തിലാണ് അവർ കാറിൽ കയറി സ്ഥലത്തുനിന്ന് പോയത്. തിരക്കുകാരണം വളരെയധികം അസ്വസ്ഥത പ്രകടിപ്പിക്കുന്ന നടിയുടെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുകയാണ്.

facebook twitter