ജിഎസ്‌ടി പരിഷ്‌കരണം; ജീവൻരക്ഷാ മരുന്നുകൾ വൻവിലക്കുറവിൽ

09:41 AM Oct 14, 2025 |


ജീവൻരക്ഷാ മരുന്നുകൾക്കടക്കം വൻവിലക്കുറവാണ് ജിഎസ്‌ടി പരിഷ്‌കരണത്തിലൂടെ ഉണ്ടായത്. മുപ്പതിലേറെ മരുന്നുകൾക്ക് പന്ത്രണ്ട് ശതമാനത്തിൽ നിന്ന് നികുതി പൂജ്യം ശതമാനമായി. ഇതുപ്രകാരം അർബുദം, ഹിമോഫീലിയ, ശ്വാസകോശ രോഗങ്ങൾ, മറ്റ് രോഗങ്ങൾ എന്നിവയുടെ മരുന്നുകൾക്ക് പതിനായിരത്തിനടുത്തുവരെ വിലക്കുറവുണ്ടായി. ഈ വിലക്കുറവ് പൂർണമായും ഉപഭോക്താക്കൾക്ക് നൽകുന്നുവെന്നാണ് മെഡിക്കൽഷോപ്പുടമകൾ പറയുന്നത്.

വിലക്കുറവ് വന്ന അന്നുമുതൽ തന്നെ സോഫ്റ്റവേറിൽ മാറ്റം വരുത്തിയെന്നും ഇവർ പറയുന്നു. എന്നാൽ, ചില കടകൾ നേരത്തേ മരുന്നുകൾ മുപ്പതുശതമാനം വരെ വിലക്കുറവിൽ വിൽക്കുന്നുണ്ട്. ഇവർ ജിഎസ്‌ടി ആനുകൂല്യം അധികമായി ലഭ്യമാക്കുന്നോ എന്നതിൽ സംശയമുണ്ട്. ജീവി തശൈലീ രോഗങ്ങളായ പ്രമേഹം, രക്തസമ്മർദം തുടങ്ങിയവയുടെ മരുന്നുകൾ സ്ഥിരമായി വാങ്ങുന്നവർ പറയുന്നത് വിലക്കുറവിൻ്റെ ആനുകൂല്യം പ്രത്യക്ഷത്തിൽ ബോധ്യമായിട്ടില്ലെന്നാണ്. ചെറിയ തോതിൽ ആനുകൂല്യം ലഭിക്കുന്നുണ്ടെന്ന് അഭിപ്രായമുള്ളവരുമുണ്ട്.

താഴെത്തട്ടിലുള്ള വ്യാപാരികൾ നികുതിനഷ്ടത്തിന് ആരിൽനിന്ന് നഷ്ടപരിഹാരം ഈടാക്കും എന്ന ആശങ്കയിലാണ്. പരിഷ്കാരം പൂർണതോതിൽ നടപ്പായിട്ടില്ലെന്ന് ജിഎസ്‌ടി വകുപ്പും സമ്മതിക്കുന്നുണ്ട്. ഏതായാലും രാജ്യത്ത് നടപ്പായ ഒരു പരിഷ്കാരം വ്യാപാരികളായി നിഷേധിക്കരുതെന്നും പൂർണമായും തങ്ങൾക്ക് നൽകണമെന്നുമാണ് ഉപഭോക്താക്കളുടെ ആവശ്യം.