ഡല്‍ഹി: ഗുജറാത്ത് പൊലീസിനെ രൂക്ഷമായി വിമര്‍ശിച്ച് സുപ്രീം കോടതി. കേസെടുക്കുമ്പോള്‍ പൊലീസ് കവിത വായിച്ച് അര്‍ഥം മനസ്സിലാക്കണമായിരുന്നെന്നും സാമാന്യവിവരം കാട്ടേണ്ടതായിരുന്നെന്നും ജഡ്ജിമാരായ അഭയ് എസ്.ഓക്ക, ഉജ്വല്‍ ഭുയാന്‍ എന്നിവരുടെ ബെഞ്ച് വ്യക്തമാക്കി.
ഗുജറാത്തിലെ ജാംനഗറില്‍ സമൂഹവിവാഹച്ചടങ്ങിനിടെ ആലപിച്ച പ്രകോപനപരമായ കവിതയുടെ വീഡിയോ സമൂഹമാധ്യമത്തിലൂടെ പ്രചരിപ്പിച്ചെന്ന കേസിനെതിരെ കോണ്‍ഗ്രസ് രാജ്യസഭാംഗം ഇമ്രാന് പ്രതാപ്ഗഡി നല്കിയ ഹര്‍ജി വിധി പറയാന്‍ മാറ്റിക്കൊണ്ടാണു കോടതിയുടെ പരാമര്‍ശം.
‘കേസിനാസ്പദമായ കവിത സത്യത്തില്‍ അഹിംസയെ പ്രോത്സാഹിപ്പിക്കുന്നതാണ്. അതിനു മതവുമായി ബന്ധമില്ല. അതു പൂര്‍ണമായും സര്ഗാത്മകമായിരുന്നു. ഭരണഘടന നിലവില്‍വന്ന് മുക്കാല്‍ നൂറ്റാണ്ടാകുമ്പോഴെങ്കിലും അഭിപ്രായസ്വാതന്ത്ര്യത്തെ പൊലീസ് മനസ്സിലാക്കേണ്ടിയിരിക്കുന്നു’ – കോടതി നിരീക്ഷിച്ചു.
കോണ്‍ഗ്രസ് ന്യൂനപക്ഷ സെല്ലിന്റെ ദേശീയ ചെയര്‍മാനായ പ്രതാപ്ഗഡിക്കെതിരെ ഭാരതീയ ന്യായ സംഹിതയുടെ 196, 197 വകുപ്പുകള്‍ പ്രകാരമായിരുന്നു കേസ്. ഗാനത്തിലെ വരികള്‍ ദേശീയ ഐക്യത്തിനു നിരക്കാത്തതും മതവികാരങ്ങളെ വ്രണപ്പെടുത്തുന്നതും ആണെന്നാണ് എഫ്ഐആറില്‍ പറഞ്ഞത്.