ക്രൊയേഷ്യ: ഗ്രാൻഡ് ചെസ്സ് ടൂറിലെ ബ്ലിറ്റ്സ് വിഭാഗത്തിൽ ഇന്ത്യയുടെ ലോകചാമ്പ്യൻ ഡി. ഗുകേഷിന് തോൽവി . ആദ്യദിനം തുടർച്ചയായ അഞ്ച് മത്സരങ്ങൾ ഡി. ഗുകേഷ് തോറ്റു. ഇന്ത്യൻ താരം ആർ. പ്രഗ്നാനന്ദയോടും ഗുകേഷ് തോൽവി പിണഞ്ഞു.
റാപ്പിഡ് വിഭാഗത്തിൽ മികവു പുലർത്തിയെങ്കിലും ബ്ലിറ്റ്സിൽ അത് തുടരാൻ ഗുകേഷിനായില്ല. ആദ്യ ദിനം ഒറ്റ ജയം പോലും താരത്തിന് സ്വന്തമാക്കാനായില്ല. അതോടെ ബ്ലിറ്റ്സ് വിഭാഗത്തിൽ ഗുകേഷ് പിന്തള്ളപ്പെട്ടു. അതേസമയം ഉജ്വല തിരിച്ചുവരവാണ് മുന്‍ ലോകചാമ്പ്യനും നിലവിലെ ലോക ഒന്നാം നമ്പര്‍ താരവുമായ മാഗ്നസ് കാള്‍സന്‍ നടത്തിയത്. റാപ്പിഡ് വിഭാഗത്തില്‍ പിന്നിലായെങ്കിലും ബ്ലിറ്റ്‌സില്‍ കാള്‍സന്‍ വന്‍ കുതിപ്പ് നടത്തി. ഒമ്പത് മത്സരങ്ങളില്‍ നിന്ന് 7.5 പോയന്റ് സ്വന്തമാക്കിയ താരം പട്ടികയില്‍ മുന്നിലെത്തി.
റാപ്പിഡ് വിഭാഗത്തില്‍ കാള്‍സനെയടക്കം മുട്ടുകുത്തിച്ച ഗുകേഷിന് ബ്ലിറ്റ്‌സ് വിഭാഗം നിരാശയാണ് സമ്മാനിച്ചത്. 17.5 പോയന്റുമായാണ് കാള്‍സന്‍ മുന്നിലുള്ളത്. ജാന്‍ ക്രിസ്‌റ്റോഫ് രണ്ടാമതും(16) പ്രഗ്നാനന്ദ അഞ്ചാമതുമാണ്(13.5). 15.5 പോയന്റുമായി ഗുകേഷ് മൂന്നാമതാണ്.