സഹതാരമായി വന്ന് നായകനായി വലിയ വിജയങ്ങളുടെയും ഭാഗമായ നടനാണ് നസ്‍ലെന്‍. മലയാളത്തിലെ എക്കാലത്തെയും വലിയ വിജയങ്ങളിലൊന്നായ പ്രേമലുവിലെ നായകസ്ഥാനം നസ്‍ലെന് വന്‍ കരിയര്‍ ബ്രേക്ക് ആണ് കൊടുത്തത്. നിരവധി ശ്രദ്ധേയ പ്രോജക്റ്റുകളാണ് നസ്‍ലന്‍റേതായി വരാനുള്ളത്. നസ്‍ലെന്‍ നായകനായ ഏറ്റവും ഒടുവിലത്തെ റിലീസ് ആലപ്പുഴ ജിംഖാനയും ബോക്സ് ഓഫീസില്‍ മികച്ച പ്രതികരണമാണ് നേടിയത്. മോഹന്‍ലാല്‍ ചിത്രം തുടരും നേടുന്ന വന്‍ വിജയത്തില്‍ ആവശ്യത്തിന് ശ്രദ്ധ നേടാതെപോയ വിജയം കൂടിയാണ് ജിംഖാനയുടേത്.
വിഷു റിലീസ് ആയി ഏപ്രില്‍ 10 ന് തിയറ്ററുകളില്‍ എത്തിയ ചിത്രമാണിത്. ഖാലിദ് റഹ്‍മാന്‍റെ സംവിധാനത്തില്‍ നസ്‍ലെന്‍ നായകനായ ചിത്രത്തില്‍ ലുക്മാന്‍ അവറാന്‍, ഗണപതി, സന്ദീപ് പ്രദീപ്, ഫ്രാങ്കോ ഫ്രാന്‍സിസ് തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചു. മമ്മൂട്ടിയുടെ ബസൂക്ക, ബേസിലിന്‍റെ മരണമാസ്സ് എന്നിവയ്ക്കൊപ്പമാണ് എത്തിയതെങ്കിലും ഏറ്റവും കളക്ഷന്‍ നേടി ബോക്സ് ഓഫീസിലെ വിഷു വിന്നര്‍ ആയത് ജിംഖാന ആയിരുന്നു. ഇപ്പോഴിതാ ചിത്രത്തിന്‍റെ ഏറ്റവും പുതിയ കണക്കുകള്‍ പുറത്തെത്തിയിരിക്കുകയാണ്.
മലയാളത്തിനൊപ്പം ചിത്രത്തിന്‍റെ തെലുങ്ക് പതിപ്പും തിയറ്ററുകളില്‍ എത്തിയിരുന്നു. മലയാളം പതിപ്പ് എത്തി രണ്ട് ആഴ്ചകള്‍ക്ക് ശേഷമായിരുന്നു തെലുങ്ക് പതിപ്പിന്‍റെ റിലീസ്. പ്രമുഖ ട്രാക്കര്‍മാരായ സാക്നില്‍കിന്‍റെ കണക്ക് പ്രകാരം മലയാളം പതിപ്പ് 28 ദിവസം കൊണ്ട് ഇന്ത്യയില്‍ നിന്ന് നേടിയ നെറ്റ് കളക്ഷന്‍ 39.82 കോടിയാണ്. തെലുങ്ക് പതിപ്പ് 13 ദിവസം കൊണ്ട് നേടിയ നെറ്റ് കളക്ഷന്‍ 4.13 കോടിയും. രണ്ട് ഭാഷാ പതിപ്പുകളും ചേര്‍ത്ത് ചിത്രം ഇന്ത്യയില്‍ നിന്ന് നേടിയ നെറ്റ് കളക്ഷന്‍ 43.95 കോടിയാണ്. ഗ്രോസ് 50.28 കോടിയും. വിദേശത്തെ കളക്ഷന്‍ 20 കോടിയാണ്. ആഗോള ബോക്സ് ഓഫീസില്‍ നിന്ന് ഇതുവരെ ആകെ നേടിയത് 70.28 കോടിയും. തല്ലുമാല ഒരുക്കിയ ഖാലിദ് റഹ്‍മാനും നസ്‍ലെനും ഒരുമിക്കുന്ന ചിത്രമെന്ന നിലയില്‍ വലിയ പ്രീ റിലീസ് ശ്രദ്ധ നേടിയ ചിത്രമായിരുന്നു ജിംഖാന.