ഏഷ്യാ കപ്പിൽ പാകിസ്ഥാൻ ഉൾപ്പെട്ട ഗ്രൂപ്പിൽ കളിയ്ക്കാൻ ഇന്ത്യൻ ടീം തയ്യാറായതിനെ വിമർശിച്ച് മുൻ ഇന്ത്യൻ താരം ഹർഭജൻ സിങ്. വീട്ടിലേക്ക് തിരിച്ചെത്തുമോ എന്നുപോലും ഉറപ്പില്ലാതെ സൈനികർ അതിർത്തിയിൽ കാവൽ നിൽക്കുമ്പോൾ, ഇന്ത്യ എങ്ങനെയാണ് പാകിസ്ഥാനെതിരെ ക്രിക്കറ്റ് കളിക്കാൻ പോകുന്നതെന്ന് ഹർഭജൻ ചോദിച്ചു.
കായികതാരമായാലും സിനിമാ നടനായാലും രാജ്യതാൽപര്യമാണ് വലുതെന്ന് ഹർഭജൻ പറഞ്ഞു. ഗുരുതരമായ പ്രശ്നങ്ങൾ പരിഹരിക്കപ്പെടാതെ കിടക്കുമ്പോൾ ക്രിക്കറ്റ് കളിക്കുന്നതെല്ലാം എത്രയോ അപ്രധാനമാണ്. പാകിസ്ഥാനിലിരുന്ന് ഓരോരുത്തരും വിളിച്ചുപറയുന്നതെല്ലാം ഇന്ത്യക്കാരെ അറിയിക്കേണ്ട കാര്യമില്ലെന്ന് ഹർഭജൻ മാധ്യമങ്ങളെയും ഉപദേശിച്ചു.
അതേസമയം ഗ്രൂപ്പ് എ യിൽ ഇന്ത്യ, പാകിസ്ഥാൻ, യുഎഇ, ഒമാൻ എന്നീ ടീമുകളാണ് ഉള്ളത്. ഗ്രൂപ്പ് ബിയിൽ ശ്രീലങ്ക, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാൻ, ഹോങ്കോങ് എന്നീ ടീമുകളും അണിനിരയ്ക്കും. സെപ്‌തംബർ 14 ന് ഇന്ത്യയും പാകിസ്ഥാനും ഏറ്റുമുട്ടും. സെപ്തംബർ ഒമ്പതിന് തുടങ്ങുന്ന ഗ്രൂപ്പ് മത്സരങ്ങൾ സെപ്തംബർ 19 നാണ് അവസാനിക്കുക.