കൊച്ചി: ആശാ വര്‍ക്കര്‍മാരുടെ സമരവുമായി ബന്ധപ്പെട്ട് മാധ്യമങ്ങളില്‍ വന്ന വ്യാജ പത്രക്കുറിപ്പില്‍ രൂക്ഷമായി പ്രതികരിച്ച് അഡ്വ. ഹരീഷ് വാസുദേവന്‍. കേന്ദ്രസര്‍ക്കാരിന്റേതെന്ന പേരിലുള്ള ഒരു വ്യാജ പത്രക്കുറിപ്പാണ് മാധ്യമങ്ങള്‍ പ്രചരിപ്പിച്ചത്. സംസ്ഥാന ആരോഗ്യവകുപ്പിന് കേന്ദ്ര സര്‍ക്കാര്‍ 938.8 കോടി രൂപ നല്‍കിയെന്ന് ഈ പത്രക്കുറിപ്പില്‍ പറയുന്നു. ബിജെപി ഐടി സെല്‍ പുറത്തിറക്കിയതെന്ന് കരുതപ്പെടുന്ന ഇത് കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ പത്രക്കുറിപ്പെന്ന രീതിയില്‍ പ്രസിദ്ധീകരിക്കുകയായിരുന്നു. ഈ രീതിയില്‍ വ്യാജ വാര്‍ത്ത നല്കുന്ന മാധ്യമങ്ങള്‍ക്കെതിരെ ശക്തമായ നിയമനടപടി ഉണ്ടാകണമെന്നാണ് ഹരീഷ് വാസുദേവന്‍ പറയുന്നത്.
അഡ്വ. ഹരീഷ് വാസുദേവന്റെ ഫേസ്ബുക്ക് പോസ്റ്റ്,
പച്ച നുണ cross checking പ്രചരിപ്പിക്കുന്ന മാധ്യമങ്ങള്‍ക്കെതിരെ ചുമ്മാ മോങ്ങിക്കൊണ്ട് ഇരിക്കാതെ ശക്തമായ നിയമനടപടി സ്വീകരിക്കാന്‍ ഇനിയെങ്കിലും സര്‍ക്കാര്‍ തയ്യാറാവണം. ഒരിക്കലെങ്കിലും ഇത്തരം വാര്‍ത്തകളുടെ പേരില്‍ ലൈസന്‍സ് റദ്ദായാല്‍ മാത്രമേ, വാര്‍ത്ത എയര്‍ ചെയ്യുന്നതിന് മുന്‍പ് / പ്രസിദ്ധീകരിക്കുന്നതിന് മുന്‍പ് എല്ലാ ഭാഗവും പരിശോധിക്കണം എന്ന പ്രാഥമിക തത്വം ഇവരില്‍ പലര്‍ക്കും മനസിലാകൂ. ചിലരുടെയെങ്കിലും ജോലിക്ക് മേല്‍ ചോദ്യമുണ്ടാകണം. അപ്പോള്‍ മാര്‍ക്കറ്റ് ഡിമാന്റ് ചെയ്താലും ക്രോസ് ചെക്കിങ് ഇല്ലാതെ ഒരു വാര്‍ത്തയും പ്രസിദ്ധീകരിക്കില്ല എന്ന നിലപാട് റിപ്പോര്‍ട്ടര്‍മാരും സ്വീകരിക്കും.
തെറ്റിന് ശിക്ഷ ഇല്ലെങ്കില്‍ മാര്‍ക്കറ്റിന്റെ ലാഭ നിയമമാകും ഇവരെ നയിക്കുക. അക്കൗണ്ടബിലിറ്റി ഇല്ലാത്ത അധികാരം - അത് അപകടകരമാണ്. നുണ വാര്‍ത്തയായി കൊടുത്താല്‍ ശിക്ഷിക്കാനുള്ള നിയമങ്ങള്‍ ഇന്നാട്ടിലുണ്ട്. അതെടുത്ത് പ്രയോഗിക്കണം.
ഇല്ലെങ്കില്‍ whatsapp forward കള്‍ വരെ വാര്‍ത്തയാകുന്ന കാലം വരും. തിരുത്ത് വരുമ്പോഴേക്കും നുണ കാതങ്ങള്‍ സഞ്ചരിക്കും.
മണ്ടന്മാരായ ജനങ്ങളില്‍ വലിയൊരു വിഭാഗം ഇപ്പോഴും മീഡിയയില്‍ വരുന്നതാണ് പരമമായ സത്യമെന്ന് വിശ്വസിക്കുന്നുണ്ട്. മറ്റാര് എന്ത് തെളിവ് കൊണ്ടുവന്നാലും അവര്‍ മാധ്യമങ്ങളില്‍ വന്ന നുണയാണ് സത്യമായി വിശ്വസിക്കുക. ഇത് ഇന്നാട്ടിലെ മാധ്യമങ്ങള്‍ കാലങ്ങളായി ജനമനസ്സില്‍ നേടിയ വിശ്വാസ്യതയാണ്. അതിന്റെ മറവില്‍ നുണ വിറ്റു കാശാക്കുന്ന പരിപാടി അവസാനിപ്പിക്കണം.
അപ്പോഴേ വസ്തുത മാത്രം റിപ്പോര്‍ട്ട് ചെയ്യുന്ന മാധ്യമങ്ങള്‍ക്ക് ഇന്നാട്ടില് ഒരു വിലയുണ്ടാകൂ.