ഹാര്‍വാര്‍ഡ് യൂണിവേഴ്സിറ്റിയിലെ പഠനം എളുപ്പത്തിൽ നേടിയെടുക്കാൻ സാധിക്കും. 2025- 26 അധ്യയന വര്‍ഷം മുതല്‍ പരിഷ്കരണവുമായി യൂണിവേഴ്സിറ്റി രംഗത്തെത്തി. പ്രതിവര്‍ഷം 2,00,000 ഡോളർ അല്ലെങ്കില്‍ അതില്‍ കുറവ് വരുമാനം നേടുന്ന കുടുംബങ്ങളിലെ വിദ്യാര്‍ഥികള്‍ക്ക് ബിരുദ ട്യൂഷന്‍ സൗജന്യമായിരിക്കുമെന്ന് ഹാര്‍വാര്‍ഡ് സര്‍വകലാശാല പ്രഖ്യാപിച്ചു.
ഉന്നത വിദ്യാഭ്യാസ ചരിത്രത്തിലെ ഏറ്റവും വലിയ സാമ്പത്തിക സഹായ പരിഷ്‌കാരങ്ങളിലൊന്നാണ് ഇത്. കഴിവുള്ള വിദ്യാര്‍ഥികള്‍ നേരിടുന്ന സാമ്പത്തിക തടസ്സങ്ങള്‍ നീക്കം ചെയ്യുകയാണ് ഹാര്‍വാഡിന്റെ ലക്ഷ്യം. പദ്ധതി താഴെ വിശദമായി വായിക്കാം:
1,00,000 ഡോളർ അല്ലെങ്കില്‍ അതില്‍ കുറവ് വരുമാനം നേടുന്ന കുടുംബങ്ങള്‍: ട്യൂഷന്‍, പാര്‍പ്പിടം, ഭക്ഷണം, ഫീസ് എന്നിവയുടെ പൂര്‍ണ കവറേജ്. കൂടാതെ, വിദ്യാര്‍ഥികള്‍ക്ക് ആദ്യ വര്‍ഷത്തില്‍ 2,000 ഡോളർ സ്റ്റാര്‍ട്ട്- അപ്പ് ഗ്രാന്റും ജൂനിയര്‍ വര്‍ഷത്തില്‍ 2,000 ഡോളർ ലോഞ്ച് ഗ്രാന്റും ലഭിക്കും.
1,00,000 ഡോളർ- 2,00,000 ഡോളർ വരുമാനം നേടുന്ന കുടുംബങ്ങള്‍: ട്യൂഷന്‍ പൂര്‍ണമായും ലഭിക്കും. താമസത്തിനും മറ്റ് ചെലവുകള്‍ക്കുമുള്ള അധിക സഹായം സാമ്പത്തിക സാഹചര്യങ്ങളെ ആശ്രയിച്ചിരിക്കും.2,00,000 ഡോളറില്‍ കൂടുതല്‍ വരുമാനമുള്ള കുടുംബങ്ങള്‍ക്ക്: സാമ്പത്തിക സഹായം ഇപ്പോഴും ലഭ്യമാണ്, പക്ഷേ ഉറപ്പില്ല.
അതേസമയം, ഇത് യു എസ് സ്വദേശികള്‍ക്ക് മാത്രമേ ബാധകമാകൂ. അതിനാൽ, ഇന്ത്യ അടക്കമുള്ള വിദേശ വിദ്യാർഥികൾക്ക് ലഭിക്കില്ല.