+

കണ്ണൂരിൽ തെരുവ് നായ ആക്രമണം: പരിക്കേറ്റവരെ ആരോഗ്യ വകുപ്പ് സംഘം സന്ദർശിച്ചു

കണ്ണൂർ ഇരിവേരിയിൽ പേപ്പട്ടി ആക്രമണത്തിൽ കടിയേറ്റവരെ ജില്ലാ മെഡിക്കൽ ഓഫീസർ ഡോ പിയുഷ് എം നമ്പൂതിരിപ്പാടിന്റെ നേതൃത്വത്തിലുള്ള സംഘം ജില്ലാ ആശുപത്രിയിലെത്തി സന്ദർശിച്ചു.

കണ്ണൂർ : കണ്ണൂർ ഇരിവേരിയിൽ പേപ്പട്ടി ആക്രമണത്തിൽ കടിയേറ്റവരെ ജില്ലാ മെഡിക്കൽ ഓഫീസർ ഡോ പിയുഷ് എം നമ്പൂതിരിപ്പാടിന്റെ നേതൃത്വത്തിലുള്ള സംഘം ജില്ലാ ആശുപത്രിയിലെത്തി സന്ദർശിച്ചു. കടിയേറ്റവർക്ക് ആവശ്യമായ മുഴുവൻ ചികിത്സകളും ഉറപ്പു വരുത്തുമെന്നും ജില്ലയിൽ ആവശ്യത്തിന് പേവിഷ പ്രതിരോധ വാക്സിനുകൾ ലഭ്യമാണെന്നും ഡി എം ഒ അറിയിച്ചു. കുട്ടികളടക്കം കടിയേറ്റവരിൽ 30 പേർ ജില്ലാശുപത്രിയിൽ ചികിത്സ തേടി.

നിലവിൽ ഒരാളെ ജില്ലാശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. വാക്‌സിൻ അലർജിയുള്ള രണ്ടുപേരെ മെഡിക്കൽ കോളേജിലേക്ക് റെഫർ ചെയ്തു. നിലവിൽ ചികിത്സ തേടിയ എല്ലാവർക്കും വാക്‌സിൻ നൽകിയിട്ടുണ്ട്. ആശങ്കപ്പെടേണ്ടതില്ലെന്നും ഡിഎംഒ പറഞ്ഞു. വ്യാഴാഴ്ച രാവിലെയാണ് ഇരിവേരിയിലും പരിസരങ്ങളിലുമായി പേപ്പട്ടിയുടെ ആക്രമണം ഉണ്ടായത്.

പേ വിഷ ബാധ: ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

* വളർത്തു മൃഗങ്ങളുടെയോ തെരുവ് നായ്ക്കളുടെയോ കടിയോ മാന്തലോ ഏറ്റാൽ ആ ഭാഗം നന്നായി സോപ്പ് ഉപയോഗിച്ച് പൈപ്പ് തുറന്നു വെച്ച് 15 മിനിറ്റ് വെള്ളത്തിൽ കഴുകണം.

* മുറിവുള്ള ഭാഗം നന്നായി കഴുകിയതിനു ശേഷം ഏറ്റവും അടുത്തുള്ള പേ വിഷ ബാധക്കുള്ള വാക്സിൻ ലഭ്യമാകുന്ന ആശുപത്രിയിലെത്തി വാക്സിൻ സ്വീകരിക്കണം.

* വളർത്തു മൃഗങ്ങളുടെയോ മറ്റോ കടിയോ മാന്തലോ ഏറ്റാൽ വാക്സിൻ സ്വീകരിക്കണോ വേണ്ടയോ എന്നത് സംബന്ധിച്ച മാർഗ നിർദേശം ലഭിക്കുന്നതിനായി ഡോക്ടറുടെ സേവനം തേടണം. മറ്റ് അഭിപ്രായങ്ങൾ സ്വീകരിക്കരുത്. വാക്സിൻ സ്വീകരിക്കുന്നത് സംബന്ധിച്ച മാർഗ നിർദേശവും വാക്സിൻ ആവശ്യമെങ്കിൽ അവയും ആശുപത്രികളിൽ നിന്ന് ലഭിക്കും.

* പേ വിഷ ബാധക്കെതിരെയുള്ള വാക്സിൻ വളരെയേറെ സുരക്ഷിതവും ജീവൻ രക്ഷിക്കുന്നതുമാണ്.

* ചെറിയ കുട്ടികളെ വളർത്തു മൃഗങ്ങളോ മറ്റോ മാന്തുകയോ കടിക്കുകയോചെയ്താൽ അക്കാര്യം രക്ഷിതാക്കളോട് പറയാൻ പറയണം. കുട്ടികൾ മൃഗങ്ങളുമായി ഇടപഴകുന്ന ശീലം പരമാവധി കുറക്കണം.

* വളർത്തു മൃഗങ്ങൾക്ക് പേ വിഷ ബാധക്കെതിരെയുള്ള വാക്സിനേഷൻ നിർബന്ധമായും എടുക്കണം.

* ഭക്ഷണ മാലിന്യം, ഇറച്ചി കടകളിൽ നിന്നുള്ള മാലിന്യം ഉൾപ്പെടെയുള്ള ജൈവ മാലിന്യങ്ങൾ വലിച്ചെറിയരുത്. ജൈവ മാലിന്യം കൂട്ടിയിട്ട സ്ഥലങ്ങൾ വൃത്തിയാക്കണം. ഇക്കാര്യം ഗൗരവപൂർവ്വം ശ്രദ്ധിക്കണം.

* വളർത്തു നായ്ക്കളെ ഒരു കാരണവശാലും തെരുവിൽ ഉപേക്ഷിക്കരുത്.

* ഭിക്ഷാടനം ചെയ്യുന്നവർ, അലഞ്ഞു തിരിയുന്നവർ, ആരാധനാലയങ്ങളോട് ചേർന്നു ജീവിച്ചു പോരുന്ന അശരണർ ഉൾപ്പെടെയുള്ളവർക്ക് പേപട്ടികളുടെ കടിയേൽകാൻ സാധ്യതയുണ്ടാകും. അവർക്ക് പേ വിഷ വാക്സിൻ സ്വീകരിക്കാനുള്ള അറിവോ സാഹചര്യമോ ഉണ്ടെയെന്നു വരില്ല. അവരെ പ്രത്യേകം കരുതണം.

*പേ വിഷ ബാധക്കെതിരെയുള്ള വാക്സിൻ ബന്ധപ്പെട്ട സർക്കാർ ആശുപത്രികളിൽ ലഭ്യമാണ്.
 

facebook twitter