കോട്ടയം സര്‍ക്കാര്‍ നഴ്‌സിംഗ് കോളേജില്‍ നടന്ന റാഗിങ്ങ് കൊടും ക്രൂരതയെന്ന് കുറ്റപത്രം. അന്വേഷണം സംഘം ഇന്ന് ഏറ്റുമാനൂര്‍ കോടതിയില്‍ കുറ്റപത്രം നല്‍കും. പ്രതികള്‍ അറസ്റ്റിലായി നാല്‍പ്പത്തിയഞ്ചാം ദിവസമാണ് കുറ്റപത്രം നല്‍കുന്നത്. ജൂനിയര്‍ വിദ്യാര്‍ത്ഥികളായ ആറ് പേരെ അഞ്ച് പ്രതികള്‍ ചേര്‍ന്ന് തുടര്‍ച്ചയായി ഉപദ്രവിച്ചു. നവംബര്‍ മുതല്‍ നാല് മാസമാണ് ജൂനിയര്‍ വിദ്യാര്‍ത്ഥിളെ പ്രതികള്‍ തുടര്‍ച്ചയായി ആക്രമിച്ചത്. ഇരകളായവര്‍ വേദനകൊണ്ട് പുളഞ്ഞപ്പോള്‍ പ്രതികള്‍ അത് കണ്ട് ആനന്ദിച്ചു. ആക്രമണത്തിന്റെ ദൃശ്യങ്ങള്‍ ഫോണില്‍ പകര്‍ത്തിയും പ്രതികള്‍ ആഘോഷിച്ചുവെന്ന് കുറ്റപത്രത്തില്‍ പറയുന്നു.
റാഗിംഗിനെ കുറിച്ച് പുറത്ത് പറയാതിരിക്കാന്‍ ഇരകളെ ഭീഷണിപ്പെടുത്തിയെന്നും കുറ്റപത്രത്തില്‍ അന്വേഷണ സംഘം പറയുന്നു. ആതുര സേവനത്തിന് മാതൃകയാകേണ്ടവര്‍ ചെയ്തത് കൊടിയ പീഡനമാണ്. പ്രതികളായ വിദ്യാര്‍ത്ഥികളുടെ കൈവശം മാരക ആയുധങ്ങള്‍ ഉണ്ടായിരുന്നുവെന്നും പ്രതികള്‍ സ്ഥിരം ലഹരി ഉപയോഗിക്കുന്നവരാണെന്നും കുറ്റപത്രത്തില്‍ ചൂണ്ടിക്കാണിക്കുന്നു. ലഹരി ഉപയോഗത്തിന് പ്രതികള്‍ പണം കണ്ടെത്തിയത് ഇരകളായ വിദ്യാര്‍ത്ഥികളില്‍ നിന്നാണ്. ഒരു വിദ്യാര്‍ത്ഥിയെ ക്രൂരമായി ഉപദ്രവിക്കുന്ന ദൃശ്യങ്ങളാണ് കേസില്‍ നിര്‍ണായക തെളിവാണ്. പ്രതികള്‍ തന്നെ പകര്‍ത്തിയ ദൃശ്യങ്ങളുടെ ശാസ്ത്രീയ പരിശോധന നടത്തിയെന്നും പൊലീസ് കുറ്റപത്രത്തില്‍ പറയുന്നു.
പ്രതികളുടെ മൊബൈല്‍ ഫോണില്‍ നിന്ന് റാഗിങ്ങിന്റെ കൂടുതല്‍ തെളിവുകള്‍ കണ്ടെത്തി. കേസില്‍ 40 സാക്ഷികളും 32 രേഖകളുമാണ് ഉള്ളത്. കേസില്‍ അഞ്ച് പ്രതികള്‍ മാത്രമാണ് ഉള്ളത്. റാഗിംഗ് സംബന്ധിച്ചുള്ള വിവരം കോളേജ് അധികൃതര്‍ക്കോ ഹോസ്റ്റല്‍ ചുമതലക്കാര്‍ക്കോ അറിയില്ലായിരുന്നു. ഇരകളായ വിദ്യാര്‍ത്ഥികള്‍ മുമ്പ് കോളേജില്‍ പരാതി നല്‍കിയിട്ടില്ല.