പീഡനക്കേസിൽ ജാമ്യത്തിലിറങ്ങിയ ബി.ജെ.പി എം.പിയുടെ മകനെ നിയമ ഉദ്യോഗസ്ഥനാക്കി ഹരിയാന സർക്കാർ

03:35 PM Jul 23, 2025 | Neha Nair

ഛണ്ഡിഗഢ്: ലൈംഗികാതിക്രമ കേസിൽ ജാമ്യത്തിലിറങ്ങിയ ബി.ജെ.പി എം.പിയുടെ മകനെ നിയമ ഉദ്യോഗസ്ഥനാക്കി ഹരിയാന. വികാസിനെയാണ് അസിസ്റ്റന്റ് അഡ്വക്കറ്റ് ജനറൽ, ഡെപ്യുട്ടി അഡ്വക്കറ്റ് ജനറൽ, സീനിയർ ഡെപ്യുട്ടി അഡ്വക്കറ്റ് ജനറൽ, അഡീഷണൽ അഡ്വക്കറ്റ് ജനറൽ തുടങ്ങിയ പോസ്റ്റുകളിലേക്കുള്ള നിയമനലിസ്റ്റിൽ ഹരിയാന ഉൾപ്പെടുത്തിയത്.

2017ലാണ് ബി.ജെ.പി രാജ്യസഭ എം.പി സുഭാഷ് ബരാലയുടെ മകൻ വികാസ് ബരാലെ ലൈംഗികാതിക്രമ കേസിൽ പ്രതിയാകുന്നത്. ഛണ്ഡിഗഢ് കോടതിയിൽ കേസിന്റെ വിചാരണനടപടികൾ പുരോഗമിക്കുകയാണ്. ഇതിനിടെയാണ് വികാസിനെ അസിസ്റ്റന്റ് അഡ്വക്കറ്റ് ജനറലാക്കിയുള്ള ഹരിയാന സർക്കാറിന്റെ ഉത്തരവ് ജൂലൈ 18നാണ് പുറത്തിറങ്ങിയത്.

എട്ട് വർഷം മുമ്പാണ് ഐ.എ.എസ് ഓഫീസറുടെ മകളെ തട്ടിക്കൊണ്ട് പേയെന്ന കേസിൽ വികാസ് പ്രതിയാവുന്നത്. വികാസിനൊപ്പം സുഹൃത്ത് ആശിഷ് കുമാറും കേസിൽ പ്രതിയായിരുന്നു. 2017 ആഗസ്റ്റ് ഒമ്പതിനായിരുന്നു വികാസിനെ പൊലീസ് അറസ്റ്റ് ചെയ്യുന്നത്. 2018 ജനുവരിയിലാണ് പഞ്ചാബ്-ഹരിയാന കോടതി വികാസിന് ജാമ്യം അനുവദിച്ചത്.

സംഭവം നടക്കുമ്പോൾ നിയമവിദ്യാർഥിയായിരുന്ന വികാസ് കോടതിയുടെ പ്രത്യേക അനുമതിയോടെയാണ് പരീക്ഷയെഴുതിയത്. വികാസിന്റെ പിതാവ് സുഭാഷ് ബരാല 2014 ജൂലൈ 2020 വരെ ബി.ജെ.പി സംസ്ഥാന അധ്യക്ഷനായിരുന്നു. പിന്നീട് 2019 ഒക്ടോബറിൽ നിയമസഭ തെരഞ്ഞെടുപ്പിൽ മത്സരിച്ചുവെങ്കിലും പരാജയപ്പെട്ടു. പിന്നീട് 2024 രാജ്യസഭയിലേക്ക് എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു.