കൊറിയൻ പോപ്പ് ഗാനങ്ങൾക്ക് ആരാധകർ ഏറെയാണ്. അവരുടെ പാട്ടുകൾ പാടി നടക്കാനും ചുവടുവയ്ക്കാനും പലർക്കും ഇഷ്ടമാണ്. നിരവധി പോപ്പ് ബാൻഡുകളാണ് അവിടെയുള്ളത്. ബിടിഎസ്, ബ്ലാക്ക് പിങ്ക്, എക്സോ, സെവന്റീൻ, ന്യൂ ജീൻസ് എന്നു തുടങ്ങുന്നു ഇവ. ഇപ്പോഴിതാ അവർക്കിടയിലേക്ക് മറ്റൊരു ബാൻഡ് കൂടി എത്തുകയാണ്. 1വേഴ്സ് എന്നാണ് ബാൻഡിന്റെ പേര്. യൂണിവേഴ്സ് എന്ന് ഉച്ചരിക്കപ്പെടുന്ന ബാൻഡിൽ ജപ്പാൻ, യുഎസ്, ഉത്തരകൊറിയ എന്നിവിടങ്ങളിൽ നിന്നുള്ള അഞ്ച് അംഗങ്ങളാണുള്ളത്.
ഉത്തരകൊറിയയിൽ നിന്നുള്ള റാപ്പർ ഹ്യൂക്കും ഗായകൻ സിയോക്കും അർക്കാൻസാസിൽ നിന്നുള്ള നഥാൻ, ലോസ് ഏഞ്ചൽസിൽ നിന്നുള്ള കെന്നി, ജപ്പാനിൽ നിന്നുള്ള ഐറ്റോ എന്നിവരാണ് ബോയ് ബാൻഡിലെ അംഗങ്ങൾ. വെള്ളിയാഴ്ച ലൈവ് സ്ട്രീമിങ്ങിലൂടെയായിരുന്നു അരങ്ങേറ്റം.
സിയോൾ ആസ്ഥാനമായുള്ള സിംഗിംഗ് ബീറ്റിൽ എന്ന ലേബലിൽ “ദി ഫസ്റ്റ് വേഴ്‌സ്” എന്ന സിംഗിൾ ആൽബത്തിലൂടെയാണ് ഗ്രൂപ്പ് വെള്ളിയാഴ്ച വരവറിയിച്ചത്. അവരുടെ ടൈറ്റിൽ ട്രാക്കായ “ഷാറ്റേർഡ്” ൽ ഹ്യൂക്കും കെന്നിയും ചേർന്ന് എഴുതിയ വരികൾ ഉൾപ്പെടുന്നുണ്ട്. 12 വയസ്സ് വരെ നോർത്ത് കൊറിയയിലെ നോർത്ത് ഹാംയോങ് പ്രവിശ്യയിൽ താമസിച്ചിരുന്ന ഹ്യൂക്ക് 2013 ലാണ് ദക്ഷിണ കൊറിയയിലേക്ക് പലായനം ചെയ്തു. മുൻ ഫുട്ബോൾ കളിക്കാരനായ സിയോക്ക് 2019ലാണ് ദക്ഷിണ കൊറിയയിലേക്ക് മാറിയത്.
കെ പോപ് കേൾക്കുന്നവർക്ക് അടിമ വേല ശിക്ഷയായി നൽകുന്ന കിം ജോങ് ഉന്നിന്റെ ഉത്തര കൊറിയയിൽ നിന്നും കെ പോപ് താരങ്ങളാകാൻ എത്തിയ ഹ്യൂക്കും സിയോക്കും മാറ്റങ്ങളുടെ പുത്തൻ പ്രതീക്ഷ കൂടിയാണ്.