223 വോട്ട് ചെയ്‌തെന്ന ആരോപണം; ഗ്രാമത്തില്‍ കൂടുതല്‍ വോട്ട് കിട്ടിയത് കോണ്‍ഗ്രസിന്, 75കാരി വോട്ടു ചെയ്തത് ഒരു തവണ മാത്രം

07:41 AM Nov 07, 2025 | Suchithra Sivadas

ഹരിയാനയിലെ ഒരു ബൂത്തില്‍ ഒരാള്‍ 223 തവണ വോട്ടു ചെയ്‌തെന്ന് രാഹുല്‍ ഗാന്ധി ആരോപിച്ച സ്ത്രീ വോട്ടു ചെയ്തത് ഒരു തവണ മാത്രം എന്ന് റിപ്പോര്‍ട്ട്. 75കാരിയായ ചരണ്‍ജീത് കൗറിന്റെ ചിത്രം 223 തവണ വരുന്നതാണ് രാഹുല്‍ ചൂണ്ടികാണിച്ചത്. ഇവരുടെ ചിത്രം വോട്ടര്‍ പട്ടികയില്‍ ആവര്‍ത്തിച്ചത് കാണിച്ചുകൊണ്ടായിരുന്നു ആരോപണം. ഇവര്‍ എത്ര തവണ വോട്ട് ചെയ്തുവെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ വ്യക്തമാക്കണമെന്നായിരുന്നു രാഹുല്‍ ഗാന്ധിയുടെ ചോദ്യം. 

അതേസമയം, രാഹുലിന്റെ ആരോപണം തള്ളിയ വയോധിക താന്‍ ഒരു തവണ മാത്രമാണ് വോട്ട് ചെയ്തതെന്നാണ് ഇംഗ്ലീഷ് മാധ്യമത്തോട് വെളിപ്പെടുത്തിയത്. 

വോട്ടര്‍ പട്ടികയില്‍ തന്റെ ചിത്രം ആവര്‍ത്തിച്ച് വരുന്നത് പത്തു കൊല്ലമായുള്ള പ്രശ്‌നമാണെന്നും കൗര്‍ ഇംഗ്‌ളീഷ് മാധ്യമത്തോട് പറഞ്ഞു. കൗറിന്റെ ചിത്രം നല്കിയിരിക്കുന്നത് യഥാര്‍ത്ഥ വോട്ടര്‍മാരുടെ പേരിന് നേര്‍ക്കാണെന്നും വോട്ടര്‍ ഐഡി കാണിച്ച് ഇവരില്‍ പലരും വോട്ടു ചെയ്‌തെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഈ ഗ്രാമത്തില്‍ കൂടുതല്‍ വോട്ട് കിട്ടിയത് കോണ്‍ഗ്രസിനെന്നും റിപ്പോര്‍ട്ടിലുണ്ട്.