+

'താന്താന്‍ നിരന്തരം ചെയ്യുന്ന കര്‍മ്മങ്ങള്‍ താന്താന്‍ അനുഭവിച്ചീടുകെന്നേ വരൂ' ; പി പി ദിവ്യയ്‌ക്കെതിരെ മുഖ്യമന്ത്രിയുടെ വിമര്‍ശനം

സഖാവിന് തിരിച്ച് വരാന്‍ ഇനിയും അവസരമുണ്ടാകുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു

അദ്ധ്യാത്മ രാമായണത്തിലെ വരികള്‍ പാടിയായിരുന്നു കണ്ണൂര്‍ ജില്ലാ സമ്മേളനത്തില്‍ പി പി ദിവ്യക്ക് എതിരായ മുഖ്യമന്ത്രിയുടെ വിമര്‍ശനം. 'താന്താന്‍ നിരന്തരം ചെയ്യുന്ന കര്‍മ്മങ്ങള്‍ താന്താന്‍ അനുഭവിച്ചീടുകെന്നേ വരൂ' എന്ന് ദിവ്യയെ വിമര്‍ശിച്ചു കൊണ്ട് മുഖ്യമന്ത്രി മറുപടി പറഞ്ഞു.

അതേസമയം, ദിവ്യയെ പൂര്‍ണ്ണമായും മുഖ്യമന്ത്രി തള്ളിയതുമില്ല. ദിവ്യ ഒരു ദിവസം കൊണ്ട് ഉണ്ടായ നേതാവല്ല. ദീര്‍ഘകാലത്തെ അനുഭവത്തിലൂടെയാണ് നേതാവ് ഉണ്ടാവുന്നതെന്ന് ചൂണ്ടിക്കാണിച്ച മുഖ്യമന്ത്രി ഒരാളെയും അവസാനിപ്പിക്കാനല്ല സംഘടനാ നടപടിയെന്നും വ്യക്തമാക്കി. ആ സഖാവിന് തിരിച്ച് വരാന്‍ ഇനിയും അവസരമുണ്ടാകുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. മനുതോമസ് വിഷയത്തില്‍ പി ജയരാജന് നേരെയും മുഖ്യമന്ത്രി രൂക്ഷ വിമര്‍ശനമാണ് നടത്തിയത്.

എഡിഎം നവീന്‍ ബാബുവിന്റെ മരണത്തില്‍ പി പി ദിവ്യക്കെതിരായ സംഘടനാ നടപടിയെ എതിര്‍ത്തും അനുകൂലിച്ചും സമ്മേളനത്തില്‍ ചര്‍ച്ച ഉയര്‍ന്ന് വന്നിരുന്നു. ദിവ്യക്കെതിരായ നടപടി മാധ്യമങ്ങളുടെ അജണ്ടയ്ക്ക് അനുസരിച്ചാണെന്ന വിമര്‍ശനമാണ് ഉയര്‍ന്നത്. ദിവ്യക്കെതിരായ നടപടി മാധ്യമങ്ങളെ തൃപ്തിപ്പെടുത്താനാണെന്നും ചര്‍ച്ചയില്‍ പങ്കെടുത്ത പ്രതിനിധികള്‍ വിമര്‍ശനം ഉന്നയിച്ചിരുന്നു. തലശ്ശേരി ഏരിയയില്‍ നിന്നുള്ള പ്രതിനിധികളാണ് ജില്ലാ കമ്മിറ്റിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി രംഗത്ത് വന്നത്. പി പി ദിവ്യയുടെ നടപടിയെയും ഒരു വിഭാഗം പ്രതിനിധികള്‍ വിമര്‍ശിച്ചു. ദിവ്യ ചെയ്തത് ശരിയായില്ലെന്നും പൊതുചര്‍ച്ചയില്‍ വിമര്‍ശനം ഉയര്‍ന്നിരുന്നു.

facebook twitter