
ജനിച്ചിട്ട് ദിവസങ്ങള്‍ മാത്രമായ കുഞ്ഞിനെ ട്രെയിനില്‍ ഉപേക്ഷിച്ച് അമ്മ കടന്നുകളഞ്ഞു. മുംബൈയിലെ വാഷിയിലാണ് സംഭവം. ചൊവ്വാഴ്ചയാണ് ഹാര്‍ബര്‍ ലൈന്‍ ലോക്കല്‍ ട്രെയിനില്‍ 30നും 35നും ഇടയില്‍ പ്രായമുള്ള യുവതി കുഞ്ഞിനെ സഹയാത്രക്കാരെ ഏല്‍പ്പിച്ച് മുങ്ങിയത്. ഡോറിന് സമീപത്തായി നിലത്ത് കുഞ്ഞുമായി ഇരുന്ന സ്ത്രീയോട് സുരക്ഷിതമായി ഇരിക്കാന്‍ ആവശ്യപ്പെട്ട സഹയാത്രികമാരോട് യുവതി പെട്ടന്ന് ചങ്ങത്തത്തിലായി.
സീവുഡ്‌സ് സ്റ്റേഷനില്‍ ഇറങ്ങുന്നതിന് മുന്‍പായി ഒരു പാട് ബാഗുകള്‍ ഇറക്കാനുണ്ടെന്നും കുഞ്ഞിനെ ഒന്ന് പിടിക്കാമോയെന്നും യുവതി ഇവരോട് ചോദിച്ചു. 12.30ആയതോടെ ട്രെയിന്‍ സീ വുഡ്‌സ് സ്റ്റേഷനില്‍ എത്തി. പ്ലാറ്റ്‌ഫോമില്‍ കുഞ്ഞുമായി ഇറങ്ങി നിന്ന സ്ത്രീകള്‍ ബാഗെടുക്കാനായി പോയ യുവതിയ്ക്കായി കാത്ത് നിന്നു. എന്നാല്‍ യുവതി പ്ലാറ്റ്‌ഫോമിലേക്ക് ഇറങ്ങിയില്ല. പിന്നാലെ ട്രെയിന്‍ സ്റ്റേഷന്‍ വിടുകയും ചെയ്തു. അബദ്ധത്തില്‍ ട്രെയിനില്‍ കുടുങ്ങിയതാകുമെന്നും അടുത്ത സ്റ്റേഷനായ ബേലാപുരില്‍ ഇറങ്ങി തിരിച്ചുവരുമെന്നും കരുതിയ സഹയാത്രക്കാര്‍ കുഞ്ഞുമായി ഏറെ നേരം പ്ലാറ്റ്‌ഫോമില്‍ കാത്തിരുന്നു.
വൈകുന്നേരമായിട്ടും യുവതി എത്താതെ വന്നതോടെയാണ് സഹയാത്രികര്‍ പൊലീസില്‍ പരാതിപ്പെട്ടത്. പിന്നാലെ സിസിടിവി ദൃശ്യങ്ങളെ പിന്തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ യുവതി പന്‍വേലിന് തൊട്ടുമുന്‍പുള്ള ഖാന്ദേശ്വര്‍ സ്റ്റേഷനില്‍ ഇറങ്ങി പുറത്തേക്കു പോയെന്നു കണ്ടെത്തുകയായിരുന്നു.