ഇതാണോ ശീലങ്ങൾ; എങ്കിൽ നിരന്തരമായ തലവേദന നിങ്ങളെ അലട്ടിയേക്കാം

09:25 AM Jan 18, 2025 | Neha Nair

1. ഭക്ഷണം വേണ്ടെന്നു വയ്ക്കല്‍

ചില സമയത്ത് ഒരു നേരത്തെ ആഹാരം വേണ്ടെന്ന് വയ്ക്കുന്നതുതന്നെ തലവേദനയ്ക്ക് കാരണമാകും. ചിട്ടയില്ലാത്ത ഭക്ഷണക്രമം രക്തത്തിലെ പഞ്ചസാരയുടെ താളം തെറ്റിക്കുന്നത് തലവേദനയിലേക്കു നയിക്കും.

2. ആവശ്യത്തിനു വെള്ളം കുടിക്കാതിരിക്കല്‍

ആവശ്യത്തിനു വെള്ളം കുടിക്കാതിരിക്കുന്നത് നിര്‍ജലീകരണത്തിനും തലവേദനയ്ക്കും കാരണമാകാം. ഇത് ഒഴിവാക്കാന്‍ ദിവസം കുറഞ്ഞത് എട്ട് ഗ്ലാസെങ്കിലും വെള്ളം കുടിക്കേണ്ടതാണ്.

3. കഫൈന്‍ ഉപയോഗം

അതിമായ കഫൈന്‍ ഉപയോഗവും തലവേദനയ്ക്കു കാരണമാകുമെന്നതിനാല്‍ കാപ്പിയും ചായയും ഇടയ്ക്കിടെ കഴിക്കുന്നവര്‍ ശ്രദ്ധ പുലര്‍ത്തുക. ഇനി നിരന്തരം കാപ്പി കുടിച്ചു കൊണ്ടിരിക്കുന്നവര്‍ അത് പെട്ടെന്ന് നിര്‍ത്തിയാലും തലവേദന വരാം.

4. ഉറക്കമില്ലായ്മ

ആവശ്യത്തിന് ഉറക്കം ലഭിക്കാത്ത അവസ്ഥ, ഉറക്കത്തിന്‍റെ നിലവാരമില്ലായ്മ, ക്രമം തെറ്റിയ ഉറക്കം എന്നിവയെല്ലാം തലവേദനയ്ക്കു കാരണമാകുന്ന പ്രശ്നങ്ങളാണ്.

5. കണ്ണുകള്‍ക്കു മേല്‍ സമ്മര്‍ദം

ലാപ്ടോപ്പിനും ഫോണിനും ടിവിക്കും മുന്നില്‍ ദീര്‍ഘനേരം ചെലവിടുന്നത് കണ്ണുകള്‍ക്ക് മേല്‍ സമ്മര്‍ദം ഉണ്ടാക്കി തലവേദനയിലേക്കു നയിക്കാം. വെളിച്ചം കുറഞ്ഞ സാഹചര്യങ്ങളില്‍ ഇവയ്ക്ക് മുന്നില്‍ ഇരുന്ന് ജോലി ചെയ്യുന്നതും പ്രശ്നമുണ്ടാക്കും.

6. ഇരുപ്പിന്‍റെ പ്രശ്നം

ശരിയായ ഇരുപ്പ് രീതി അഥവാ പോസ്ചറും പ്രധാനമാണ്. നടുനിവര്‍ത്തിയും നടുവിന് സപ്പോര്‍ട്ട് കൊടുക്കാതെയുമൊക്കെയുള്ള ദീര്‍ഘനേരത്തെ ഇരുപ്പ് പുറത്തിനും തോളുകള്‍ക്കും സമ്മര്‍ദമേകുകയും തലവേദനയിലേക്കു നയിക്കുകയും ചെയ്യും.

7. മദ്യപാനം

അമിതമായ മദ്യപാനം ശരീരത്തിന്‍റെ നിര്‍ജലീകരണത്തിനും തലവേദനയ്ക്കും കാരണമാകാം. മദ്യപിക്കുന്നവര്‍ ആ ശീലം ഉപേക്ഷിക്കുകയോ പരിമിതമായ തോതില്‍ മാത്രം കഴിക്കാന്‍ ശ്രദ്ധിക്കുകയോ ചെയ്യേണ്ടതാണ്.

8. ഉറക്കെയുള്ള ശബ്ദം

വളരെ ഉയര്‍ന്ന ശബ്ദത്തില്‍ ഹെഡ്സെറ്റ് വച്ച് പാട്ടുകേള്‍ക്കുന്നതും ബഹളമയമായ അന്തരീക്ഷത്തില്‍ ദീര്‍ഘനേരം ഇരിക്കേണ്ടി വരുന്നതും തലവേദനയ്ക്ക് കാരണമാകും.