+

തൃശ്ശൂരിൽ ആളൊഴിഞ്ഞ പറമ്പിൽ തലയോട്ടിയും അസ്ഥികളും; സമീപത്ത് കാണാതായ ആളുടെ തിരിച്ചറിയൽ രേഖ

കടങ്ങോട് പാറപ്പുറത്ത് ആളൊഴിഞ്ഞ പറമ്പില്‍ മനുഷ്യന്റെ തലയോട്ടിയും അസ്ഥികളും കണ്ടെത്തി. കളപ്പുറത്ത് അയ്യപ്പന്‍കാവ് ക്ഷേത്രത്തിന് സമീപത്തെ പറമ്പില്‍ കഴിഞ്ഞ ദിവസം വൈകീട്ടാണ് തലയോട്ടി കണ്ടത്.

തൃശ്ശൂര്‍: കടങ്ങോട് പാറപ്പുറത്ത് ആളൊഴിഞ്ഞ പറമ്പില്‍ മനുഷ്യന്റെ തലയോട്ടിയും അസ്ഥികളും കണ്ടെത്തി. കളപ്പുറത്ത് അയ്യപ്പന്‍കാവ് ക്ഷേത്രത്തിന് സമീപത്തെ പറമ്പില്‍ കഴിഞ്ഞ ദിവസം വൈകീട്ടാണ് തലയോട്ടി കണ്ടത്.

മരം മുറിക്കുന്നതിനായി എത്തിയവരാണ് തലയോട്ടി ആദ്യം കണ്ടത്. തുടര്‍ന്ന് നടന്ന പരിശോധനയില്‍ സമീപത്തുനിന്ന് ഒറ്റപ്പാലം സ്വദേശി പാറപ്പുറം കരുവാത്ത് കൃഷ്ണന്‍ കുട്ടി (65) യുടെ തിരിച്ചറിയില്‍ രേഖകള്‍ കണ്ടെത്തിയിട്ടുണ്ട്. 2024 നവംബറില്‍ കൃഷ്ണനെ വീട്ടില്‍നിന്ന് കാണാതായി പരാതിയുണ്ട്. 18 വര്‍ഷം മുന്‍പ് നാടുവിട്ടുപോയ കൃഷ്ണന്‍കുട്ടി അടുത്തിടെയാണ് കടങ്ങോട്ടെ വീട്ടിലെത്തിയത്. പന്നീടാണ് കാണാതായത്.

രാത്രിയില്‍ എരുമപ്പെട്ടി പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. തുടര്‍ന്ന് ഫോറന്‍സിക് സംഘവും സ്ഥലത്തെത്തി പരിശോധന തുടങ്ങി. തൂങ്ങിമരിച്ചതാകാമെന്നാണ് നിഗമനം. തലയോട്ടിക്ക് സമീപം മുറിഞ്ഞ കയര്‍ കണ്ടെത്തി. സമീപത്ത് മരവും ഉണ്ട്. വന്യമൃഗശല്യം രൂക്ഷമായ ഇടമാണിത്. തൂങ്ങി മരിച്ചയാളുടെ മൃതദേഹം വന്യജീവികള്‍ കടിച്ചു പറിച്ചതാകാനാണ് സാധ്യതയെന്ന് നാട്ടുകാര്‍ പറഞ്ഞു.
 

facebook twitter