മലപ്പുറം: വളാഞ്ചേരിയിലെ നിപരോഗിയുടെ സമ്പർക്ക പട്ടിക ആരോഗ്യ വകുപ്പ് വിപുലീകരിച്ചു. സമ്പർക്ക പട്ടികയിൽ 112 പേരാണ് ഉള്ളത്. 54 പേർ ഹൈ റിസ്ക് കാറ്റഗറിയിലാണ്. ഇതുവരെ 42 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. രോഗിയെ കൂടാതെ 10 പേർ ചികിത്സയിലുണ്ട്. ചികിത്സയിൽ ഉള്ള രോഗി ഗുരുതരാവസ്ഥയിൽ തുടരുകയാണ്.
ജോയിന്റ് ഔട്ട് ബ്രേക്ക് ഇൻവെസ്റ്റിഗേഷനിൽ മൃഗങ്ങൾ ചത്തത് പ്രത്യേകമായി പരിശോധിക്കാൻ ആരോഗ്യവകുപ്പ് നിർദ്ദേശം നൽകി. നിപയിൽ ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ലെന്നാണ് ആരോഗ്യവകുപ്പ് വിലയിരുത്തൽ. സമ്പർക്ക പട്ടികയിലുള്ള 11 പേരുടെ പരിശോധനാഫലം കൂടി ഇന്നലെ നെഗറ്റീവ് ആയി.
പെരിന്തൽമണ്ണ ഇഎംഎസ് ആശുപത്രിയിലാണ് രോഗിയുള്ളത്. വിവിധ വകുപ്പുകളുടെ ഏകോപനത്തോടെ മലപ്പുറം ജില്ലയിൽ സംയുക്ത പരിശോധന ആരോഗ്യ വകുപ്പ് ആരംഭിച്ചു. പനി സർവേയുടെ ഭാഗമായി 1781 വീടുകളിൽ ആരോഗ്യപ്രവർത്തകർ എത്തിയതായി ആരോഗ്യമന്ത്രി അറിയിച്ചു.