കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ അപകടത്തില്‍ മരിച്ച ബിന്ദുവിന്റെ വീട്ടിലെത്തി ആരോഗ്യ മന്ത്രി വീണ ജോര്‍ജ്. രാവിലെ ഏഴേ കാലോടെയാണ് മന്ത്രി കോട്ടയത്തെ തലയോലപ്പറമ്പിലെ വീട്ടിലെത്തിയത്. മന്ത്രി, ബിന്ദുവിന്റെ വീട്ടില്‍ സന്ദര്‍ശനം നടത്തിയില്ലെന്ന വ്യാപക വിമര്‍ശനങ്ങള്‍ക്കിടെയാണ് രാവിലെ മന്ത്രി എത്തിയത്.
ബിന്ദുവിന്റെ ഭര്‍ത്താവിനോടും അമ്മയോടും മക്കളോടും മന്ത്രി സംസാരിച്ചു. ആശ്വാസ വാക്കുകള്‍ നല്‍കിയും വേണ്ടത് ചെയ്യാമെന്ന് ഉറപ്പ് നല്‍കിയുമാണ് മന്ത്രി മടങ്ങിയത്. പ്രാദേശിക സിപിഎം നേതാക്കളുമായാണ് മന്ത്രി വീട്ടിലെത്തിയത്.
അത്യന്തം ദു:ഖകരമായ സംഭവമാണെന്നും ബിന്ദുവിന്റെ കുടുംബത്തിന്റെ ദു:ഖം തന്റേതുമാണെന്നും മന്ത്രി മാധ്യമങ്ങളോട് പ്രതികരിച്ചു. ബിന്ദുവിന്റെ കുടുംബത്തെ കണ്ടു, സംസാരിച്ചു. സര്‍ക്കാര്‍ ഒപ്പമുണ്ടാവും. എല്ലാ തലത്തിലും സര്‍ക്കാര്‍ പൂര്‍ണ്ണമായും അവര്‍ക്കൊപ്പം ഉണ്ടാവും. മുഖ്യമന്ത്രി തന്നെ സഹായത്തെ കുറിച്ച് പ്രഖ്യാപിക്കുമെന്നും മന്ത്രി പറഞ്ഞു.