സര്‍വീസില്‍നിന്ന് വിരമിച്ചവരുടെയും വയോജനങ്ങളുടെയും ആരോഗ്യ സുരക്ഷ ഉറപ്പാക്കും ; അത്യാധുനിക മെഡിക്കല്‍ സിറ്റി വരുന്നു

01:43 PM Mar 06, 2025 | Suchithra Sivadas

സര്‍വീസില്‍നിന്ന് വിരമിച്ചവരുടെയും വയോജനങ്ങളുടെയും ആരോഗ്യ സുരക്ഷ ഉറപ്പുവരുത്തുന്നതിനായി ഒരു അത്യാധുനിക മെഡിക്കല്‍ സിറ്റി വികസിപ്പിക്കാനുള്ള നടപടികളുമായി കുവൈറ്റ്. 243 ദശലക്ഷം കുവൈറ്റ് ദിനാര്‍ അഥവാ 79 കോടി ഡോളര്‍ ചെലവ് വരുമെന്നു പ്രതീക്ഷിക്കുന്ന ഈ പദ്ധതിയുടെ പ്രാഥമിക പ്രവര്‍ത്തനങ്ങള്‍ ഇതിനകം തുടങ്ങിക്കഴിഞ്ഞു.

പബ്ലിക് ഇന്‍സ്റ്റിറ്റിയൂഷന്‍ ഫോര്‍ സോഷ്യല്‍ സെക്യൂരിറ്റി (പിഐഎഫ്എസ്എസ്) യുടെ നേതൃത്വത്തിലാണ് മെഡിക്കല്‍ സിറ്റി വികസിപ്പിക്കുന്നത്. രാജ്യത്തെ പ്രായമാകുന്ന ജനങ്ങള്‍ക്ക് മികച്ചതും അത്യാധുനികവുമായ ആരോഗ്യ സേവനങ്ങള്‍ ലഭ്യമാക്കുന്നതിനായി അന്താരാഷ്ട്ര മെഡിക്കല്‍ സ്ഥാപനങ്ങളുമായി സഹകരിച്ചാണ് മെഡിക്കല്‍ സിറ്റി ആരംഭിക്കുക. പദ്ധതിക്കായി സ്വകാര്യ മേഖലയുടെ പങ്കാളിത്തം ഉപയോഗപ്പെടുത്താനാണ് ലക്ഷ്യമിടുന്നതെന്ന് പിഐഎഫ്എസ്എസ് അധികൃതര്‍ അറിയിച്ചു.

860,000 ചതുരശ്ര മീറ്റര്‍ സ്ഥലത്ത് ജഹ്‌റയിലെ അംഗാറ പ്രദേശത്ത് നിര്‍മിക്കാന്‍ രൂപകല്‍പന്ന ചെയ്തിരിക്കുന്ന കുവൈറ്റ് മെഡിക്കല്‍ സിറ്റി, നൂതന വൈദ്യചികിത്സ, ദീര്‍ഘകാല പരിചരണം, പുനരധിവാസ സേവനങ്ങള്‍ എന്നിവ വാഗ്ദാനം ചെയ്യുന്ന ഒരു പ്രധാന ആരോഗ്യ സംരക്ഷണ കേന്ദ്രമായാണ് വിഭാവന ചെയ്തിരിക്കുന്നത്.