+

നത്തിംഗ് ഫോൺ (3എ) സീരീസ് ഇന്ത്യയിൽ അവതരിപ്പിച്ചു

നത്തിംഗ് ഫോൺ (3എ) സീരീസ് ഇന്ത്യയിൽ അവതരിപ്പിച്ചു


 ന്യൂ ജനറേഷൻ സ്മാർട്ട്‌ഫോൺ ഉപഭോക്താക്കളെ ലക്ഷ്യമിട്ട് നത്തിംഗ് കമ്പനി രണ്ട് പുതിയ മിഡ്-റേഞ്ച് മൊബൈലുകൾ അവതരിപ്പിച്ചു. Nothing Phone (3a) സീരീസ് ബാഴ്‌സലോണയിലെ മൊബൈൽ വേൾഡ് കോൺഗ്രസിലാണ് അനാച്ഛാദനം ചെയ്തത്. നത്തിംഗ് ഫോൺ (3എ), നത്തിംഗ് ഫോൺ (3എ) പ്രോ എന്നിങ്ങനെയാണ് പുതിയ സ്മാർട്ട്‌ഫോണുകളുടെ പേരുകൾ. രണ്ട് സ്മാർട്ട്‌ഫോണുകളും ഒരേ പ്ലാറ്റ്‌ഫോമിലാണ് വരുന്നതെങ്കിലും പ്രോ വേർഷനിൽ മെച്ചപ്പെട്ട ക്യാമറയും ഡിസൈനും അടക്കമുള്ള കൂടുതൽ ഫീച്ചറുകൾ കമ്പനി ചേർത്തിട്ടുണ്ട്. ഇരു ഫോണുകളും ഉടൻ ഇന്ത്യയിലും ലഭ്യമാകും. 

Nothing Phone (3a) Pro

6.77 ഇഞ്ച് ഓലെഡ് പാനലിൽ പാണ്ട ഗ്ലാസ് പ്രൊട്ടക്ഷനോടെയാണ് Nothing Phone (3a) Pro തയ്യാറാക്കിയിരിക്കുന്നത്. 1,300 നിറ്റ്‌സ് വരെ ബ്രൈറ്റ്‌നസും 120Hz റിഫ്രഷ് റേറ്റും ഫോൺ വാഗ്ദാനം ചെയ്യുന്നു. സ്നാപ്‌ഡ്രാഗൺ 7എസ് ജെൻ 3 ചിപ്പ്സെറ്റിൽ വരുന്ന ഫോണിന് 8GB/128GB, 8GB/256GB, 12GB/256GB എന്നീ മൂന്ന് സ്റ്റോറേജ് വേരിയൻറുകൾ ലഭിക്കും. f1.88 അപർച്വറും ഒഐഎസോടെയും 50 എംപി പ്രധാന ക്യാമറ, f/2.55 അപർച്വറും 3x ഒപ്റ്റിക്കൽ സൂമും സഹിതം 50 എംപി പെരിസ്കോപ്പ് ക്യാമറ, 8 എംപി അൾട്രാ വൈഡ് ക്യാമറ എന്നിവയാണ് നത്തിംഗ് ഫോൺ (3എ) പ്രോയുടെ റീയർ ക്യാമറ യൂണിറ്റിലുള്ളത്. എഐ വഴി പെരിസ്കോപ്പ് ക്യാമറയുടെ സൂമിംഗ് പരിധി 6x വരെയാക്കി ഉയർത്താം.  f/2.2 അപർച്വർ സഹിതം 50 എംപിയുടേതാണ് സെൽഫി ക്യാമറ. 

50 വാട്സ് ചാർജിംഗ് പിന്തുണയോടെ 5,000 എംഎഎച്ചിൻറെ ബാറ്ററിയാണ് Nothing Phone (3a) Pro-യിലുള്ളത്. ഫോണിൽ 19 മിനിറ്റ് കൊണ്ട് 50 ശതമാനം ചാർജ് ചെയ്യാനാകുമെന്ന് കമ്പനി അവകാശപ്പെടുന്നു. 3 പ്രധാന ഒഎസ് അപ്‌ഡേറ്റുകളും ആറ് വർഷത്തെ സെക്യൂരിറ്റി അപ്ഡേറ്റും ഫോണിന് നത്തിംഗ് നൽകുന്നു. രണ്ട് നിറങ്ങളിലെത്തുന്ന നത്തിംഗ് ഫോൺ (3എ) പ്രോയ്ക്ക്  27,999 രൂപയായിരിക്കും തുടക്ക വില. മാർച്ച് 11 മുതൽ ഫോണിൻറെ പ്രീ-ഓർഡർ ആരംഭിക്കും. 

Nothing Phone (3a)

പ്രോ മോഡലിലെ അതേ 6.77 ഇഞ്ച് ഓലെഡ് സ്ക്രീൻ പാനലും, സ്നാപ്‌ഡ്രാഗൺ 7എസ് ജെൻ 3 ചിപ്പുമാണ് സ്റ്റാൻഡേർഡ് Nothing Phone (3a)-യിലും ഉൾപ്പെടുത്തിയിരിക്കുന്നത്. പ്രോ മോഡലിലെ 1.88 അപർച്വർ പ്രൈമറി ക്യാമറ നിലനിർത്തിയപ്പോൾ പെരിസ്‌കോപ്പ് ക്യാമറയില്ല എന്നതാണ് സ്റ്റാൻഡേർഡ് മോഡലിലുള്ള പ്രധാന വ്യത്യാസം. 3x പെരിസ്കോപ്പ് ക്യാമറയ്ക്ക് പകരം 50 എംപി സെൻസറോടെയുള്ള 2x സൂം ക്യാമറയാണ് ലഭിക്കുക. അതേസമയം 8 എംപിയുടെ അൾട്രാവൈഡ് ക്യാമറയിലും വ്യത്യാസമില്ല. പ്രോ മോഡലിൽ 50 എംപിയുടേതായിരുന്നു സെൽഫി ക്യാമറയെങ്കിൽ സ്റ്റാൻഡേർഡ് മോഡലിൽ 32 എംപി ക്യാമറയാണ് വരുന്നത്.  

50 വാട്സ് ചാർജിംഗ് പിന്തുണയോടെ 5,000 എംഎഎച്ചിൻറെ ബാറ്ററി തന്നെയാണ് Nothing Phone (3a)-യ്ക്കുള്ളത്. മൂന്ന് ഒഎസ് അപ്ഡേറ്റുകളും ആറ് വർഷത്തെ സോഫ്റ്റ്‌വെയർ അപ്‌ഗ്രേഡുകളും നത്തിംഗ് ഫോൺ (3എ) നൽകുന്നു. 8GB/128GB, 12GB/256GB എന്നീ സ്റ്റോറേജ് ഓപ്ഷനുകളിൽ വരുന്ന ഫോൺ മൂന്ന് നിറങ്ങളിൽ ആഗോളതലത്തിൽ ലഭ്യമായിരിക്കും. ഇന്ത്യയിൽ 8GB/256GB എന്ന വേരിയൻറ് കൂടി നത്തിംഗ് ലഭ്യമാക്കും. Nothing Phone (3a)-യുടെ വിലത്തുടക്കം 22,999 രൂപയിലായിരിക്കും. 

facebook twitter