+

മലപ്പുറം നിലമ്പൂരിൽ വയോധികക്ക് മർദനമേറ്റ സംഭവത്തിൽ അടിയന്തിര റിപ്പോർട്ട് തേടി മന്ത്രി ഡോ:ആർ. ബിന്ദു

മലപ്പുറം നിലമ്പൂരിൽ വയോധികക്ക് മർദനമേറ്റ സംഭവത്തിൽ അടിയന്തിര റിപ്പോർട്ട് തേടി മന്ത്രി ഡോ:ആർ. ബിന്ദു

മലപ്പുറം നിലമ്പൂരിൽ മുൻ നൃത്താധ്യാപികയായ വയോധികക്ക് ക്രൂരമർദനമേറ്റ സംഭവത്തിൽ ഉന്നതവിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ:ആർ.ബിന്ദു അടിയന്തിര റിപ്പോർട്ട് തേടി. സംഭവം ശ്രദ്ധയിൽപ്പെട്ട ഉടൻ മലപ്പുറം ജില്ലാ സാമൂഹ്യനീതി ഓഫീസറോട് അടിയന്തരമായി ഇടപെട്ട് ആവശ്യമായ നടപടികൾ സ്വീകരിക്കാനും റിപ്പോർട്ട് നൽകാനും മന്ത്രി നിർദ്ദേശം നൽകി.

നിലമ്പൂർ സി.എച്ച് നഗറിലെ 80 - കാരിയായ പാട്ടത്തൊടി വീട്ടിൽ ഇന്ദ്രാണിക്കാണ് മർദനമേറ്റത്. അയൽക്കാരനായ വയോധികൻ ഷാജിയാണ് ഇന്ദ്രാണിയെ മർദിച്ചത്. അയൽക്കാർ പകർത്തിയ മർദ്ദന ദൃശ്യങ്ങൾ പുറത്തു വന്നതോടെയാണ് ക്രൂരത പുറംലോകമറിഞ്ഞത്. വയോധികയുടെ കരച്ചിൽ കേട്ട് ഓടിയെത്തിയ അയൽവാസികളാണ് മർദ്ദനമേറ്റ് നിലത്ത് വീണുകിടന്ന ഇന്ദ്രാണിയെ രക്ഷപ്പെടുത്തിയത്. നിലമ്പൂർ നഗരസഭ വൈസ് ചെയർ പേഴ്‌സണും വാർഡ് കൗൺസിലറൂം സ്ഥലത്തെത്തി ഇന്നലെ ഇന്ദ്രാണിയെ നിലമ്പൂർ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.

വിധവയായ ഇന്ദ്രാണിയുടെ മകൻ സത്യനാഥൻ പുറത്തുപോകുമ്പോൾ അമ്മയെ നോക്കാൻ വേണ്ടി അയൽവാസി ഷാജിയെ ഏൽപ്പിച്ചതായിരുന്നു. ഇന്ദ്രാണിയെ മർദ്ദിക്കുമ്പോൾ ഷാജി മദ്യലഹരിയിലായിരുന്നെന്ന് പ്രദേശവാസികൾ പറയുന്നു. സംഭവത്തെത്തുടർന്ന് നിലമ്പൂർ പൊലീസ് ഷാജിയെ കസ്റ്റഡിയിൽ എടുക്കുകയും മർദ്ദനമേറ്റ ഇന്ദ്രാണിയുടെ മൊഴി രേഖപ്പെടുത്തുകയും ചെയ്തിട്ടുണ്ട്.

ഭയമില്ലാതെ സുരക്ഷിതത്വ ബോധത്തോടെയും അന്തസ്സോടെയും ജീവിക്കാനുള്ള അവകാശം വയോജനങ്ങൾക്കുണ്ട്. മുതിർന്നവർക്കെതിരെയുള്ള അനീതിയും കടന്നുകയറ്റവും ഒരുതരത്തിലും അനുവദിക്കില്ലെന്നും അവരെ ഉപദ്രവിക്കുന്നവർക്കെതിരെ നിയമപരമായ കർശന നടപടികളുണ്ടാകുമെന്നും മന്ത്രി ഓർമ്മിപ്പിച്ചു. സാമൂഹ്യനീതി വകുപ്പ് വയോജനസുരക്ഷക്കായി നൽകിവരുന്ന മുഴുവൻ സേവനവും ഇന്ദ്രാണിക്ക് ഉറപ്പുവരുത്തുമെന്നും സംരക്ഷണം ഉറപ്പാക്കുന്നത് സംബന്ധിച്ച് 2007 ലെ മുതിർന്ന പൗരൻമാരുടെ സംരക്ഷണവും ക്ഷേമവും സംബന്ധിച്ച നിയമപ്രകാരമുള്ള നടപടികൾ മെയിന്റനൻസ് ട്രൈബ്യൂണൽ വഴി സ്വീകരിച്ചു വരികയാണെന്നും മന്ത്രി അറിയിച്ചു

facebook twitter