പോഷകങ്ങളാല്‍ സമ്പുഷ്ടമാണെന്നത് കൂടാതെ ആരോഗ്യപരമായ നിരവധി ഗുണങ്ങളാല്‍ സമൃദ്ധവുമാണ് ബീറ്റ്‌റൂട്ട്. ബീറ്റ്‌റൂട്ട് വിവിധതരം കാന്‍സറുകളെ തടയുന്നു. മൂത്രാശയ അര്‍ബുദം ഉള്‍പ്പെടെയുള്ള ചിലതരം കാന്‍സറുകളുടെ വികസനം തടയാന്‍ സഹായിക്കുന്ന ശക്തമായ ഒരു ഏജന്റാണ് ബീറ്റാസയാനിന്‍.
ഹൃദ്രോഗമുള്ളവര്‍ക്ക് (കൊറോണറി ഹാര്‍ട്ട് ഡിസീസ്) ദിവസവും ഒരു ഗ്ലാസ് ബീറ്റ്റൂട്ട് ജ്യൂസ് കുടിക്കുന്നത് വളരെ നല്ലതാണെന്നും ആരോഗ്യം വീണ്ടെടുക്കാന്‍ സഹായിക്കുമെന്നും അടുത്തിടെ നടത്തിയ പഠനങ്ങള്‍ തെളിയിക്കുന്നു. മാഞ്ചസ്റ്ററിലെ ബ്രിട്ടീഷ് കാര്‍ഡിയോവാസ്‌കുലര്‍ സൊസൈറ്റി കോണ്‍ഫറന്‍സില്‍ അവതരിപ്പിച്ച ഗവേഷണത്തിലാണ് ബീറ്റ്റൂട്ട് ജ്യൂസിന്റെ ഗുണങ്ങള്‍ പ്രതിപാദിക്കുന്നത്.
രക്തക്കുഴലുകള്‍ക്ക് സംഭവിക്കുന്ന വീക്കം കുറയ്ക്കാന്‍ ഒരു സാധാരണ ഗ്ലാസ് ബീറ്റ്‌റൂട്ട് ജ്യൂസിന് സഹായിക്കുന്നുവെന്നാണ് കണ്ടെത്തല്‍. ഹൃദ്രോഗമുള്ളവരില്‍ പൊതുവെ കൂടുതലായി കണ്ടുവരുന്ന അവസ്ഥയാണിത്. 14 സന്നദ്ധപ്രവര്‍ത്തകരില്‍ നടത്തിയ പഠനത്തിനൊടുവിലാണ് ഇത് ഗവേഷകര്‍ കണ്ടെത്തിയത്. നമ്മുടെ ശരീരത്തില്‍ ഉത്പാദിപ്പിക്കപ്പെടുന്ന, നല്ല ആരോഗ്യത്തിന് അത്യന്താപേക്ഷിതമായ ഒന്നാണ് നൈട്രിക് ഓക്സൈഡ്.
ഇത് രക്തസമ്മര്‍ദ്ദം നിയന്ത്രിക്കാന്‍ സഹായിക്കുന്നു. എന്നാല്‍ ഹൃദ്രോഗമുള്ളവരില്‍ നൈട്രിക് ഓക്സൈഡിന്റെ അളവ് കുറവാണ്. അതിനാല്‍ നൈട്രേറ്റുകളാല്‍ സമ്പുഷ്ടമാണ് ബീറ്റ്റൂട്ട് പതിവാക്കുന്നത് നൈട്രിക് ഓക്സൈഡിന്റെ അളവ് കൂട്ടാന്‍ സഹായിക്കുന്നു. ബീറ്റ്റൂട്ട്ജ്യൂസ് കുടിക്കുന്നതിലൂടെ ശരീരത്തിന് അകത്തേക്കുന്ന നൈട്രേറ്റുകളെ നൈട്രിക് ഓക്സൈഡാക്കി മാറ്റാന്‍ നമ്മുടെ ശരീരത്തിന് കഴിയും.
ഇതോടെ ഹൃദ്രോഗമുള്ളവര്‍ക്ക് ഹൃദയാഘാത സാധ്യത കുറയ്ക്കാനാകുമെന്നാണ് കണ്ടെത്തല്‍. ബീറ്റ്‌റൂട്ട് ജ്യൂസില്‍ വിറ്റാമിന്‍ സി പോലുള്ള ആന്റിഓക്‌സിഡന്റുകള്‍ ധാരാളം അടങ്ങിയിട്ടുണ്ട്. കൂടാതെ നമ്മുക്ക് സമ്മര്‍ദ്ദം കുറയ്ക്കാന്‍ സഹായിക്കുന്ന ഘടകമായ ബീറ്റൈന്‍സ് എന്ന സംയുക്തങ്ങളാലും സമ്പന്നമാണ് ബീറ്റ്റൂട്ട്. അതിനാല്‍ ദിവസേന ബീറ്റ്റൂട്ട് ജ്യൂസ് കുടിക്കുന്നത് ആരോഗ്യത്തെ പരിപോഷിപ്പിക്കാന്‍ സഹായിക്കുമെന്നാണ് വിലയിരുത്തല്‍.