മുംബൈ: മുംബൈയിൽ കനത്ത മഴ പെയ്യുന്ന സാഹചര്യത്തിൽ യാത്രക്കാർക്ക് മാർഗനിർദ്ദേശങ്ങളുമായി എത്തിയിരിക്കുകയാണ് വിമാനക്കമ്പനിയായ ഇൻഡിഗോ. മുംബൈയിലെ ഛത്രപതി ശിവാജി മഹാരാജ് അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കും തിരിച്ചും യാത്ര ചെയ്യുന്നവർക്കാണ് കമ്പനിയുടെ പ്രത്യേക അറിയിപ്പ് ലഭിച്ചിരിക്കുന്നത്.
മുംബൈയിലെ കനത്ത മഴ കാരണം ഫ്ലൈറ്റ് ഷെഡ്യൂളിൽ ചില തടസ്സങ്ങൾ ഉണ്ടായേക്കാമെന്ന് ഇൻഡിഗോ അറിയിച്ചു. യാത്രക്കാർ ഇൻഡിഗോ ആപ്പിലോ വെബ്സൈറ്റിലോ (//bit.ly/31paVKQ) അവരുടെ ഫ്ലൈറ്റ് സ്റ്റാറ്റസ് പരിശോധിക്കണമെന്നും അതനുസരിച്ച് യാത്രകൾ ആസൂത്രണം ചെയ്യണമെന്നുമാണ് അറിയിപ്പ്.
അതേസമയം മുംബൈയിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഓറഞ്ച് അലേർട്ടാണ് നൽകിയിരിക്കുന്നത്. മുംബൈ നഗരത്തിൽ ശക്തമോ അതിശക്തമോ ആയ മഴയുണ്ടാകുമെന്നാണ് മുന്നറിയിപ്പ്. കനത്ത മഴയെത്തുടർന്ന് തെക്കൻ മേഖലകളും പടിഞ്ഞാറൻ പ്രദേശങ്ങളും ഉൾപ്പെടെ മുംബൈയുടെ പല ഭാഗങ്ങളിലും വെള്ളക്കെട്ട് രൂപപ്പെട്ടിട്ടുണ്ട്. കനത്ത മഴ ഗതാഗതക്കുരുക്കിനും കാരണമായി. പല സ്ഥലങ്ങളിലും വെള്ളക്കെട്ട് നിലനിൽക്കുന്നതിനാൽ ഗതാഗത തടസമുണ്ടാകുമെന്നും അതിനാൽ വിമാനത്താവളത്തിലേക്കുള്ള യാത്രകൾ ഇതിനനുസരിച്ച് ആസൂത്രണം ചെയ്യണമെന്നും ഇൻഡിഗോ അറിയിച്ചു.