ജിദ്ദയിൽ ശക്തമായ മഴ

08:42 PM Jan 06, 2025 | Neha Nair

ജിദ്ദ: തിങ്കളാഴ്ച ശക്തമായ മഴ ഉണ്ടാവുമെന്ന സൗദി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ് ശരിവെച്ചുകൊണ്ട് ജിദ്ദ നഗരത്തിൽ ഇന്ന് ഇടിയോടു കൂടിയ ശക്തമായ മഴ ലഭിച്ചു. ദിവസങ്ങളായി സൗദിയുടെ പല ഭാഗത്തും വ്യാപകമായ മഴയും കാറ്റും ഇടിയും മഞ്ഞു വീഴ്ചയുമൊക്കെ ഉണ്ടാവുന്നുണ്ടെങ്കിലും ജിദ്ദയില്‍ കാര്യമായ മഴ ലഭിച്ചിരുന്നില്ല. എന്നാല്‍ തിങ്കളാഴ്ച്ച രാവിലെ ജിദ്ദ നഗരത്തിന്റെ മുഴുവൻ ഭാഗങ്ങളും ശക്തമായ മഴയ്ക്കാണ് സാക്ഷ്യം വഹിച്ചത്.

നഗരത്തിൽ കാറ്റിന്റെയും ഇടിമിന്നലിന്റെയും അകമ്പടിയോടെ തുടങ്ങിയ മഴ ഒരു മണിക്കൂർ വരെ നീണ്ടുനിന്നു. പല റോഡുകളിലും വെള്ളക്കെട്ടുകൾ രൂപപ്പെട്ടത് വാഹനഗതാഗതത്തെ ബാധിച്ചു. മഴ കാരണം ചില വിമാനങ്ങൾ പുറപ്പെടാൻ വൈകിയേക്കാമെന്നും വിമാനത്താവളത്തിലേക്ക് പുറപ്പെടുന്നതിന് മുമ്പ് യാത്രക്കാർ വിമാനകമ്പനികളുമായി ബന്ധപ്പെട്ട് അവരുടെ വിമാന ഷെഡ്യൂൾ ഉറപ്പാക്കാനും കിംഗ് അബ്ദുൽ അസീസ് അന്താരാഷ്ട്ര വിമാനത്താവള അധികൃതർ നിർദേശിച്ചു.

Trending :