സംസ്ഥാനത്ത് ഇന്ന് കനത്ത മഴയ്ക്ക് സാധ്യത

10:50 AM Oct 21, 2025 |


തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് കനത്ത മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. അറബിക്കടലില്‍ കേരളാ തീരത്തിന് സമീപമുളള ചക്രവാതച്ചുഴിയും ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദവുമാണ് കേരളത്തില്‍ മഴ കനക്കാന്‍ കാരണം. വരുന്ന അഞ്ചുദിവസം സംസ്ഥാനത്ത് കനത്ത മഴ തുടരാനാണ് സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഇന്ന് 12 ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

തിരുവനന്തപുരം, കൊല്ലം. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലാണ് ഇന്ന് യെല്ലോ അലേര്‍ട്ട്. പത്തനംതിട്ട, കോട്ടയം, ആലപ്പുഴ, ഇടുക്കി, എറണാകുളം ജില്ലകളില്‍ നാളെ ഓറഞ്ച് അലേര്‍ട്ടാണ്. മണ്ണിടിച്ചില്‍, ഉരുള്‍പൊട്ടല്‍, മലവെളളപ്പാച്ചില്‍ സാധ്യതയുളള സ്ഥലങ്ങളില്‍ നിന്ന് അധികൃതരുടെ നിര്‍ദേശപ്രകാരം ജനങ്ങള്‍ മാറിത്താമസിക്കണമെന്ന് സര്‍ക്കാര്‍ അറിയിച്ചു.

ഇന്ന് തെക്കുകിഴക്കന്‍ അറബിക്കടലിലും അതിനോട് ചേര്‍ന്ന പ്രദേശങ്ങളിലും മണിക്കൂറില്‍ 45 മുതല്‍ 55 കിലോമീറ്റര്‍ വരെയും ചില അവസരങ്ങളില്‍ 65 കിലോമീറ്റര്‍ വരെയും വേഗത്തില്‍ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ടെന്ന് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി അറിയിച്ചിട്ടുണ്ട്.