
തിരുവല്ല : വെള്ളിയാഴ്ച വൈകിട്ടോടെ പെയ്ത ശക്തമായ മഴയിലും കാറ്റിലും തിരുവല്ലയിൽ വ്യാപക നാശനഷ്ടം. വെള്ളിയാഴ്ച വൈകിട്ട് അഞ്ചരയോടെ മഴക്കൊപ്പം വീശി അടിച്ച കാറ്റാണ് നാശം വിതച്ചത്. പെരിങ്ങര പതിമൂന്നാം വാർഡിൽ പുത്തൻപുരയിൽ ഓമനക്കുട്ടന്റെ നിർമ്മാണം നടക്കുന്ന വീടിന് മുകളിലേക്ക് ആഞ്ഞിലിമരവും പുളിമരവും മറിഞ്ഞുവീണു. ഇതേ തുടർന്ന് വീടിൻറെ ഒരു ഭാഗവും പിൻവശത്തെ ഷെഡും തകർന്നു.
തിരുവല്ല - അമ്പലപ്പുഴ സംസ്ഥാനപാതയിൽ നെടുമ്പ്രത്ത് വാളകത്തിൽ പാലത്തിന് സമീപം റോഡിന് കുറുകെ മരം മറിഞ്ഞ് വീണതിനെ തുടർന്ന് വൈദ്യുത പോസ്റ്റും ഒടിഞ്ഞുവീണു. ഇതേ തുടർന്ന് തടസ്സപ്പെട്ട ഗതാഗതം അഗ്നിരക്ഷാസേന എത്തിയാണ് പുനസ്ഥാപിച്ചത്. തുകലശ്ശേരി യോഗക്ഷേമ സ്കൂളിന് സമീപം സമീപ പുരയിടത്തിൽ നിന്നിരുന്ന മരം റോഡിന് റോഡിലേക്ക് വീണു.
പെരിങ്ങര ചോളമൺ മന ട്രാൻസ്ഫർമറിന് സമീപം സമീപ പുരയിടത്തിൽ നിന്നിരുന്ന മരം റോഡിന് കുറുകെ മറിഞ്ഞുവീണു. മരം നാട്ടുകാർ ചേർന്ന് വെട്ടിമാറ്റി. സൈക്കിൾ മുക്കിലെ ജലവിതൻ വകുപ്പിന്റെ പമ്പ് ഹൗസിന് മുകളിലേക്ക് പുളിമരം മറിഞ്ഞു വീണ് കെട്ടിടം ഭാഗികമായി തകർന്നു. പല ഭാഗങ്ങളിലായി മരങ്ങൾ വീണ് വൈദ്യുതി ലൈൻ പൊട്ടിയതിനെ തുടർന്ന് കെഎസ്ഇബി മണിപ്പുഴ സെക്ഷൻ പരിധിയിൽ നിലച്ച വൈദ്യുതി രാത്രി ഏറെ വൈകിയാണ് പുനസ്ഥാപിക്കപ്പെട്ടത്.