സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു. തൃശൂർ, പാലക്കാട് ജില്ലകൾ ഒഴികെയുള്ള മറ്റെല്ലാ ജില്ലകളിലും ഇന്ന് മഴ മുന്നറിയിപ്പ് നിലനിൽക്കുന്നുണ്ട്. തിരുവനന്തപുരം കൊല്ലം, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ അതിശക്ത മഴ മുന്നറിയിപ്പായ ഓറഞ്ച് അലർട്ടാണ്. മറ്റ് 8 ജില്ലകളിൽ ശക്തമായ മഴ മുന്നറിയിപ്പായ യെല്ലോ അലർട്ടും കേന്ദ്ര കാലാവസ്ഥ വകുപ്പ് പ്രഖ്യാപിച്ചു. വരും ദിവസങ്ങളിലും സംസ്ഥാനത്ത് മഴ തുടരുമെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പിൻ്റെ മുന്നറിയിപ്പ്.
മധ്യ കിഴക്കൻ അറബിക്കടലിനു മുകളിലായി സ്ഥിതിചെയ്യുന്ന തീവ്രന്യൂനമർദം വരും മണിക്കൂറിൽ മധ്യ കിഴക്കൻ അറബിക്കടലിലൂടെ വടക്കുകിഴക്കൻ ദിശയിൽ നീങ്ങാൻ സാധ്യതയുണ്ട്. ഇതിനൊപ്പം, ബംഗാൾ ഉൾക്കടലിൽ വീണ്ടും രൂപപ്പെട്ട ന്യൂനമർദം ചുഴലിക്കാറ്റായി മാറാൻ സാധ്യതയുണ്ട്. ഇതിൻ്റ സ്വാധീന ഫലമായാണ് സംസ്ഥാനത്ത് മഴ കനക്കുന്നത്. വരുന്ന 5 ദിവസം കൂടി നേരിയതോ ഇടത്തരമായതോ ആയ മഴയക്ക് സാധ്യതയെന്നും കാലാവസ്ഥാ വകുപ്പിൻ്റെ മുന്നറിയിപ്പിൽ പറയുന്നു.