ചെന്നൈ : കോഴിപ്പോരിന് സാംസ്‌കാരിക പദവി നൽകാനാവില്ലെന്ന് മദ്രാസ് ഹൈകോടതി. കോഴിപ്പോര് സംഘടിപ്പിക്കാനുള്ള അനുമതി തേടി മധുര സ്വദേശി മുവേന്തൻ നൽകിയ ഹരജി തള്ളിക്കൊണ്ടാണ് ഹൈകോടതിയുടെ നിരീക്ഷണം.
മൃഗങ്ങൾ തമ്മിലെ പോര് സംഘടിപ്പിക്കുന്നത് കുറ്റകരമാണെന്നും കോടതി ചൂണ്ടിക്കാട്ടി. കോഴിപ്പോരിന് പതിറ്റാണ്ടുകളുടെ ചരിത്രം ഉണ്ടാകാം. ജെല്ലിക്കെട്ടിന്റെ കാര്യത്തിൽ തമിഴ്നാട്ടിൽ നിയമം മാറ്റിയതിന് സമാനമായി എന്തെങ്കിലും സംഭവിച്ചാൽ നോക്കാമെന്നാമെന്നായിരുന്നു കോടതിയുടെ നിരീക്ഷണം.
‘ആടുകളം’ സിനിമയിൽ മനോഹരമായി ചിത്രീകരിച്ചിട്ടുണ്ടാകാം. എന്നാൽ നിലവിലെ നിയമപ്രകാരം കോഴിപ്പോര് നടത്താൻ അനുമതി നൽകാനാകില്ല. കോഴിപ്പോരിന് സാംസ്‌കാരിക പദവി നൽകാൻ കഴിയില്ലെന്നും കോടതി വ്യക്തമാക്കി. കത്തി ഇല്ലാതെ കോഴിപ്പോര് നടത്താൻ അനുമതി തേടി മുവന്തേൻ നൽകിയ അപേക്ഷ ജില്ലാ കലക്ടർ തള്ളിയിരുന്നു. ഇതിനെതിരെയാണ് മൂവേന്തൻ ഹൈകോടതിയെ സമീപിച്ചത്.